കേരള സർക്കാറിന്റെ 2022 ലെ ഹരിവരാസനം പുസ്കാരം പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥന്


തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ 2022 ലെ ഹരിവരാസനം പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി. 2022 ജനുവരി 14 വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍‌ പുരസ്കാര സമര്‍പ്പണം നിര്‍വ്വഹിക്കും.

സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മുന്‍ കേരള ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐ.എ.എസ്, റവന്യു (ദേവസം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ ഐ.എ.എസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി. എസ്. പ്രകാശ് എന്നിവരടങ്ങിയ മൂന്നംഗ ജൂറിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.

“സ്വാമി സംഗീതമാലപിക്കും”, “എന്‍മനം പൊന്നമ്പലം”, “എല്ലാ ദുഃഖവും തീര്‍ത്തുതരൂ” തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായ ആലപ്പി രംഗനാഥ് തമിഴിലും മലയാളത്തിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ രവീന്ദ്രനാഥ ടാഗോര്‍ പുരസ്കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടേയും ഗാനഭൂഷണം എം ജി ദേവമ്മാളുടേയും മകനായി 1949 മാർച്ച് 9 ന് ജനിച്ച അദ്ദേഹം ചെറുപ്പത്തിലേ സംഗീതവും നൃത്തവും അഭ്യസിച്ചു. നാടകങ്ങൾക്കും മറ്റും സംഗീതമൊരുക്കിയ ആദ്യകാലത്തിനു ശേഷം സിനിമയുടെ രജതദീപ്തിയാൽ ആകർഷിക്കപ്പെട്ട് മദ്രാസിലേക്കു പോയി. രാഘവൻ മാഷിന്റെ “നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു” എന്ന പ്രശസ്തമായ ഗാനത്തിന്റെ ഉപകരണ വാദകനായി ആലപ്പി രംഗനാഥ് സിനിമാരംഗത്തു പ്രവേശിച്ചു.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ് ജേതാവാണ്. രാജശ്രീയാണ് ഭാര്യ.