കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍ ഗുരുതരമെന്ന് ഹൈക്കോടതി; മീഡിയ വണ്‍ വിലക്ക് തുടരും


കൊച്ചി: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് തടഞ്ഞതിനെതിരായ ഹരജി ഹൈക്കോടതി തള്ളി. കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം കേട്ടശേഷമാണ് കോടതി നടപടി. ജസ്റ്റിസ് എന്‍.നഗരേഷാണ് ഹരജി പരിഗണിച്ചത്.

കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ചാനലിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരും. ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് മീഡിയവണ്ണിന്റെ പാരന്റ് കമ്പനിയായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുമെന്ന് മീഡിയവണ്‍ അറിയിച്ചു.