കടയില്‍ നിന്നും മൊബൈലുമെടുത്ത് സ്ഥലംവിട്ട് കുരങ്ങന്‍; ആപ്പിള്‍ വാങ്ങി നല്‍കിയിട്ടും തിരിഞ്ഞുനോക്കിയില്ല; അരമണിക്കൂറോളം ഉടമയെ മുള്‍മുനയില്‍ നിര്‍ത്തി കുരങ്ങന്റെ വികൃതി


പന്തീരാങ്കാവ്: മോഷ്ടാവ് കൈമണി നല്‍കി മോഷണ മുതല്‍ തിരിച്ചുവാങ്ങേണ്ടി വന്നിട്ടുണ്ടോ? കോഴിക്കോട് പന്തിരങ്കാവില്‍ ഔട്ട് ഫിറ്റ് ഡ്രസ് ഉടമ പി. മുരളിയ്ക്കാണ് ഈ ഗതി വന്നത്. കാരണം മുരളിയുടെ ഫോണ്‍ മോഷ്ടിച്ചത് ഒരു കുരങ്ങനാണ്.

കടയില്‍ ഇസ്തിരിയിട്ട് കൊണ്ടിരിക്കെയാണ് എവിടെനിന്നോ വന്ന കുരങ്ങന്‍ മുരളിയുടെ മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞത്. കുരങ്ങന് പിന്നാലെ ഓടിയെങ്കിലും കാര്യമുണ്ടായില്ല.

സമീപത്തെ ബാങ്കില്‍ വന്ന പിന്തീരാങ്കാവ് സ്വദേശി പറമ്പില്‍ തൊടി പ്രശാന്തിന്റെ കണ്ണില്‍ ഈ കുരങ്ങ് പെട്ടു. അതോടെ മൊബൈല്‍ എടുത്ത് ഫോട്ടെയെടുക്കവെയാണ് കുരങ്ങന്റെ കയ്യിലെ മൊബൈല്‍ ഫോണ്‍ ശ്രദ്ധിച്ചത്.

അടുത്തുള്ള കടയില്‍ നിന്നും ആപ്പിള്‍ വാങ്ങി കുരങ്ങനെ പ്രലോഭിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷേ മൊബൈല്‍ നെഞ്ചോടു ചേര്‍ത്ത് കുരങ്ങന്‍ അടുത്ത കെട്ടിടത്തിലേക്ക് ഓടി. അരമണിക്കൂറോളം പല ശ്രമങ്ങളും നടത്തിയതിനൊടുവിലാണ് കുരങ്ങന്‍ മൊബൈല്‍ ഉപേക്ഷിച്ച് പോയത്.