അഞ്ചര വയസ്സുകാരൻ അനുസരണക്കേട് കാട്ടി; രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് ഇടുക്കിയിൽ അമ്മയുടെ ക്രൂരത


ഇടുക്കി: രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് മകന് ശിക്ഷ നൽകി അമ്മ. ഇടുക്കി ശാന്തൻപാറയിലാണ് അഞ്ചര വയസുള്ള മകനോട് അമ്മയുടെ ക്രൂരത. അനുസരണകേടിനും കുസൃതിക്കുമാണ് ശിക്ഷ. വീട്ടിലിരിക്കാൻ താൻ പറഞ്ഞിട്ടും തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനും കൂടുതൽ കുസൃതി കാണിച്ചതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് അമ്മ പറയുന്നത്.

ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. തന്റെ ദേഹം പൊള്ളിച്ചത് അമ്മ ഭുവനയാണെന്നു കുട്ടി പറഞ്ഞു. തമിഴ്നാട് സ്വദേശികളായ ഇവർ ഇപ്പോൾ ഇടുക്കിയിലാണ് താമസം

കുട്ടിയുടെ ശരീരത്തിലെ തീപ്പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ അമ്മക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ശാന്തമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ചൈൽഡ് ലൈൻ ഇടപെട്ട് കുട്ടിയെ വിദഗ്‌ധ ചികിത്സക്ക് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ ശരീരത്തിലേറ്റ പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ട്. ഉള്ളംകാലിനു സാരമായ പൊള്ളലുണ്ട്. പഴുപ്പും ബാധിച്ചതായി ഡോക്ടർ പറഞ്ഞു.