അക്രമത്തിനു പിന്നില്‍ ക്യാമ്പസിന് പുറത്തുനിന്ന് ആയുധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ക്യാമ്പസിലുണ്ടായ ചെറിയ വാക്കുതര്‍ക്കം


ഇടുക്കി: കുയിലിമലയില്‍ എഞ്ചിനിയറിങ് കോളേജില്‍ കണ്ണൂര്‍ സ്വദേശിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ചെറിയ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം. യൂണിയന്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉച്ചയോടെ ക്യാമ്പസില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് അവസാനിച്ച്  ക്യാമ്പസിന് പുറത്തേക്ക് വരുന്ന സമയത്ത് പുറത്തുനിന്ന് എത്തിയ ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ആയുധവുമായി എത്തിയയാള്‍ വിദ്യാര്‍ഥികളെ കുത്തുകയുമായിരുന്നു.

നിഖില്‍ പൈലി എന്ന് പ്രാദേശികമായി അറിയപ്പെടുന്നയാളാണ് കുത്തിയതെന്നാണ് സി.പി.എം നേതാക്കള്‍ ആരോപിക്കുന്നത്. കരുതിക്കൂട്ടി അക്രമമുണ്ടാക്കാന്‍ ആയുധവുമായി എത്തിയതാണ് ഇയാളെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. സംഭവം ആസൂത്രിതമാണെന്ന് എം.എം മണി എം.എല്‍.എ ആരോപിച്ചു.

പുറത്തുനിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. സംഘര്‍ഷമുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതത്തില്‍ രാജേന്ദ്രന്റെ മകന്‍ ധീരജാണ് കുത്തേറ്റ് മരിച്ചത്. അഭിജിത്ത് അമല്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴാം സെമസ്റ്റര്‍ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ധീരജ്.

ക്യാമ്പസില്‍ പൊലീസിന്റെ സാന്നിധ്യമുള്ളപ്പോള്‍ തന്നെയാണ് അക്രമം നടന്നതെന്ന് പ്രിന്‍സിപ്പള്‍ ജലജ പറഞ്ഞു. കോളജ് ഗേറ്റിന് പുറത്താണ് സംഭവമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്റെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ധീരജിന്റെ നെഞ്ചിനാണ് കുത്തേറ്റിരുന്നതെന്ന് കെ.ജി സത്യന്‍ പറഞ്ഞു. പുറത്തു നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസുകാരനായ നിഖില്‍ പൈലിയാണ് അക്രമം നടത്തിയതെന്നും അയാള്‍ ഓടിപോകുന്നത് കണ്ടുവെന്നും സത്യന്‍ പറഞ്ഞു.