‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോയിലേക്ക് ജില്ലയിൽ നിന്ന് ആറ് സ്കൂളുകൾ; പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളും നൊച്ചാട് ഹയർ സെക്കന്ററി സ്കൂളും പട്ടികയിൽ; മികച്ച സ്കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് 15, 10 ലക്ഷം രൂപയും സമ്മാനം
പേരാമ്പ്ര: മിനി സ്ക്രീൻ താരങ്ങളാവാൻ ഒരുങ്ങി പേരാമ്പ്രയിലെ വിദ്യാർത്ഥികൾ. കൈറ്റ് – വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുത്ത വിദ്യാർഥികളിലാണ് ഇവരും ഇടം നേടിയത്. കോഴിക്കോട് ജില്ലയിൽ നിന്ന് ആറ് വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്, ഇതിൽ ഇടം പിടിച്ച് പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളും നൊച്ചാട് ഹയർ സെക്കന്ററി സ്കൂളും.
മികച്ച സ്കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. ഫൈനൽ റൗണ്ടിലേക്ക് 10 സ്കൂളുകളാണ്. തെരഞ്ഞെടുക്കപ്പെടുക. പ്രാഥമിക റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകൾക്ക് 15,000 രൂപ വീതം ലഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഈ സ്കൂളുകളിൽ നേരിട്ടുള്ള പരിശോധന കൂടി നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
വില്യാപ്പള്ളി എം.ജെ വി എച്ച് എസ്സ് എസ്സ്, കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ്സ്, മടപ്പള്ളി ജി. വി.എച്ച് എസ് എസ്സ്, കാലിക്കറ്റ് ഗേൾസ് എച്ച് എസ്സ്. എസ്സ്, എന്നിവയാണ് ജില്ലയിൽ നിന്നുള്ള മറ്റു സ്കൂളുകൾ.
പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബർ മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസൺ മൂന്നിന്റെ സംപ്രേഷണം ആരംഭിക്കും. തെരഞ്ഞെടുത്ത സ്കൂളുകളുടെ ലിസ്റ്റ് http://hv.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
summary: including perambra hss and nochad hss six school were selected for kite victors reality show