സൗജന്യ ബ്യൂട്ടീഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
നാഷണല്‍ ലോക് അദാലത്ത്
കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 12 ന് കോഴിക്കോട് ജില്ലാ കോടതി കോമ്പൗണ്ടില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. കോടതികളില്‍ നിലവിലുളള കേസുകളും പുതിയ പരാതികളും ലോക് അദാലത്തില്‍ ഒത്തുതീര്‍പ്പിനായി പരിഗണിക്കും. കോടതികളില്‍ നിലവിലുളള കേസുകള്‍ ലോക് അദാലത്തിലേക്ക് റഫര്‍ ചെയ്യാന്‍ കക്ഷികള്‍ക്ക് ആവശ്യപ്പെടാം. സിവില്‍ കേസുകള്‍, വാഹനാപകട കേസുകള്‍, ഭുമി ഏറ്റെടുക്കല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തു തീര്‍ക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ബാങ്ക് വായ്പ സംബന്ധമായ കേസുകളും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ കോഴിക്കോട് 0495 2365048, കൊയിലാണ്ടി 9745086387, വടകര 0496 2515251.
അക്കാദമിക്ക് അസിസ്റ്റന്റ് നിയമനം
ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കാദമിക്ക് അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിലേക്ക് അപേക്ഷിക്കാനുളള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. 55% മാര്‍ക്കോടെ എം.കോം (റഗുലര്‍)/എം.ബി.എ (റഗുലര്‍) കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്കും ബിരുദ-ബിരുദാന്തര ക്ലാസുകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ക്ക് 2022 ജനുവരി 1ന് 40 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകള്‍ ഒക്ടോബര്‍ 31ന് മുമ്പായി ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവിരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
സൗജന്യ ബ്യൂട്ടീഷന് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ ബ്യൂട്ടീഷന് കോഴ്സ് പരിശീലനം ആരംഭിക്കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447276470, 0495 2432470.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ബഡ്സ് ഫെസ്റ്റിന് 600 പേര്‍ക്ക് ഭക്ഷണം, സ്റ്റേജ് ആന്‍ഡ് സൗണ്ട് എന്നിവ തയ്യാറാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ഒന്ന്. വിശദ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 9567271165, 0495 2373066.
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ തോടന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് നവംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് എടുക്കുവാന്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ നവംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടുമണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2592722.
മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന് ഷിപ്പ് യാർഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജില്‍ അഡ്മിഷന് ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ഐ.ടി.ഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ അനുബന്ധ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ആദ്യ രണ്ട് മാസത്തെ പരിശീലനം കോഴിക്കോട് ഗവ. പോളിടെക്നിക്ക് കോളേജിലും തുടര്‍ന്നുള്ള നാലുമാസം കൊച്ചിന് ഷിപ് യാര്‍ഡിലുമാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപും കൊച്ചിന് ഷിപ് യാര്‍ഡും നല്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മുപ്പത് വയസാണ് പ്രായപരിധി. 9912 രൂപയാണ് കോഴ്സ് ഫീ. താല്പര്യമുള്ളവര് https://bit.ly/marinefitter എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരള വെബ്സൈറ്റ് http://www.asapkerala.gov.in/ സന്ദര്‍ശിക്കുകയോ 9495999710, 9495999787 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.
പുനര്‍ലേലം
കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് പിടിച്ചെടുത്ത തോക്കുകളും തിരകളും കോടതി ഉത്തരവ് പ്രകാരം ഡിസ്പോസ് ചെയ്തിട്ടുള്ളതും രൂപമാറ്റം വരുത്തിയ ഈയക്കട്ട നവംബര്‍ രണ്ടിന് രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെ www.mstcecommerce.om വെബ്സൈറ്റ് മുഖേന പുനര്‍ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് പ്രസ്തുത വെബ്സൈറ്റില്‍ നിബന്ധനകള്‍ക്ക് വിധേയമായി വാങ്ങുന്നയാൾ(ബയർ) ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ലേല സാധനങ്ങള്‍ നവംബര്‍ ഒന്നിന് വൈകിട്ട് നാലുമണിവരെ അസിസ്റ്റന്റ് കമാണ്ടന്റിന്റെ അനുമതിയോടെ സായുധ സേന ആസ്ഥാനത്ത് പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2523031.
കാരക്കുറ്റി ലക്ഷം വീട് കോളനി; നവീകരണ പ്രവർത്തികൾ അന്തിമ ഘട്ടത്തിൽ
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ലക്ഷം വീട് കോളനിയുടെ മുഖഛായ മാറുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ സമഗ്ര നവീകരണ പ്രവർത്തികളുടെ ഭാഗമായി കാരക്കുറ്റി ലക്ഷം വീട് കോളനിയിൽ ആരംഭിച്ച പ്രവർത്തികൾ അന്തിമ ഘട്ടത്തിലെത്തി. 14 വീടുകളുള്ള രണ്ടാം വാർഡിലെ കാരക്കുറ്റി ലക്ഷം വീട് കോളനിയാണ് ആദ്യഘട്ട നവീകരണ പ്രവൃത്തിക്കായി പഞ്ചായത്ത് തിരഞ്ഞെടുത്തത്.
വീട് റിപ്പയറിംഗ്, പ്ലാസ്റ്ററിംഗ്, പെയിൻ്റിംഗ്, ചുറ്റുമതിൽ നിർമ്മാണം, ഗേറ്റ് സ്ഥാപിക്കൽ, സൗന്ദര്യവൽക്കരണം, ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികൾ തുടങ്ങിയവയാണ് കോളനിയിൽ നടപ്പാക്കുന്നത്. ഇതിൽ മിക്ക പ്രവർത്തികളും പൂർത്തിയായി.
ലക്ഷം വീട് കോളനികളിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി അവരുടെ ആരോഗ്യം ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തി അതിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാരംഭിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.
ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് സൗന്ദര്യവൽക്കരണ പ്രവൃത്തിയും പൂർത്തീകരിച്ച് കോളനികളുടെ പേരു കൂടി മാറ്റി കോളനികളെ പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണ് ഭരണസമിതിയുടെ ശ്രമം. ഗ്രാമ പഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയ പ്രവർത്തിക്കാവശ്യമായ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയാണ് കോളനികൾ നവീകരിക്കുന്നത്.
ലഹരിക്കെതിരെ പോരാടാൻ സന്ദേശവുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്
വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരായ സന്ദേശവുമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലബാർ ക്രിസ്ത്യൻ കോളേജിൽ ബോധവൽക്കരണ ക്ലാസും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പരിപാടി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്രിസ്ത്യൻ കോളേജിലെ വാല്യു എജുക്കേഷൻ ഫോറത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
‘ജീവിതത്തിലെ ആരോഗ്യപരമായ പുതുലഹരികൾ കണ്ടെത്തൂ, നല്ല നാളേക്കായി ഇന്ന് തന്നെ മാറാം’ എന്ന മുദ്രാവാക്യവുമായി നടത്തിയ പരിപാടിയിൽ റിട്ട. എക്സൈസ് ഉദ്യോഗസ്ഥന് എ.സി കരുണാകരന് ക്ലാസെടുത്തു. ലഹരി വസ്തുക്കളുണ്ടാക്കുന്ന ചതിക്കുഴികളെക്കുറിച്ചും അവയുണ്ടാക്കുന്ന ശാരീരിക- മാനസിക-സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു. മയക്കുമരുന്നിന്റെ ഉത്ഭവത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അവരുടെ അറിവുകളും ധാരണകളും പങ്കുവെച്ചു.
വെള്ളിമാട്കുന്ന് സർക്കാർ ലോ കോളേജിലെ ക്ലിജോ സൗജന്യ നിയമസഹായ വേദി അവതരിപ്പിച്ച ഫ്ലാഷ് മോബിന് പുറമെ ലഹരി കുടുംബങ്ങളിലുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള നാടകവും പരിപാടിയുടെ ഭാഗമായി നടന്നു. ലഹരിക്കെതിരായ ജാഗ്രത, കരുതല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങൾ പ്രചരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
ലഹരി അവബോധ മൊബൈല്‍ എക്സിബിഷന് വാഹനവും ഇതിന്റെ ഭാഗമായി കോളേജിൽ എത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന വിവരണങ്ങളും ലഹരി അവബോധ വീഡിയോ പ്രദര്‍ശനവും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തില്‍ ഒരുക്കിയ എക്സിബിഷന് കണ്ടിറങ്ങിയ വിദ്യാര്‍ത്ഥികള്‍ അവരവരുടെ ആരോഗ്യപരമായ ലഹരികളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. സച്ചിൻ ജെയിംസ്, അധ്യാപകരായ ഡോ. വിജിൻ ദാസ്, ക്രിസ്റ്റി പേരയിൽ മറ്റ് അധ്യാപകര്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മെഡിക്കല്‍ കോളേജ് വികസനം: എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ വികസനവുമായി ബന്ധപ്പെട്ട പൊതുമരാമത്തു പ്രവൃത്തികളുടെ അവലോകന യോഗം തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ യുടെ നേതൃത്വത്തില്‍ ചേര്‍ന്നു. ഹോസ്പിറ്റലില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിച്ചു നല്കുവാന് കരാറുകാരനും പി ഡബ്ല്യൂ ഡി കെട്ടിടവിഭാഗത്തിനും നിര്‍ദേശം നല്കി.
കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മര്‍, വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കല്‍, കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന സ്ഥലത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള സോഷ്യല്‍ ഫോറെസ്റ്ററി വില നിര്‍ണ്ണയിക്കല്‍ എന്നിവയില്‍ തീരുമാനമായി. മെഡിക്കല്‍ കോളേജിന് മാസ്റ്റര്‍പ്ലാന്‍ അംഗീകാരം കിട്ടുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി, കീഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവരെ കാണുമെന്നും എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, ഹോസ്പിറ്റല്‍ സൂപ്രണ്ട്, പ്രിന്‍സിപ്പൽ എന്നിവര്‍ സംബന്ധിച്ചു.
ലഹരിയില്‍ നിന്നും വിമുക്തി നേടിയവരുടെ സ്നേഹസംഗമം നടന്നു
സാമൂഹ്യനീതി വകുപ്പ്, ജില്ലാ ഭരണകൂടം, നശാ മുക്ത് ഭാരത് അഭിയാന്, സുരക്ഷാ ലഹരി വിമോചന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്നേഹസംഗമം ജില്ലാ കലക്ടര്‍ ഡോ എന്‍. തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ പ്രധാന പ്രശ്നമായ ലഹരിയെ പ്രതിരോധിക്കാനാകുന്നതും ലഹരിയില്‍ നിന്നും വിമുക്തി നേടുന്നതും വലിയ കാര്യമാണെന്ന് കലക്ടര്‍ പറഞ്ഞു. നാം നമ്മളെ നന്നാക്കുന്നതാണ് വിജയം. നമ്മുടെ പ്രശ്നം തിരിച്ചറിഞ്ഞു തിരുത്തുന്നതിലൂടെ സന്തോഷം കൈവരിക്കാനാകുമെന്നും അത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്റഫ് കാവില്‍ അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗത്തില്‍ നിന്ന് വിമുക്തി നേടി മാതൃകാപരമായ ജീവിതം നയിക്കുന്ന അംഗങ്ങള്‍ വേദിയില്‍ അനുഭവങ്ങള്‍ പങ്കിട്ടു. സുരക്ഷാ ഐ.ആര്.സി.എ യിലെ സൈക്ക്യാട്രിസ്റ്റ് ഡോ. സത്യനാഥന്, തപോവനം അംഗം ഹരിദാസന് മാസ്റ്റര്‍ എന്നിവര്‍ ആശംസ അറിയിച്ചു.
ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സുരക്ഷ ഐ.ആര്.സി.എ പ്രൊജക്ട് ഡയറക്ടര്‍ ടി. അബ്ദുല്‍ നാസര്‍ സ്വാഗതവും സുരക്ഷാ ലഹരി വിമോചന കേന്ദ്രത്തിലെ കൗണ്‍സിലര്‍ രശ്മി നന്ദിയും പറഞ്ഞു.
കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടത്തുന്ന കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, ബിരുദ തലങ്ങളിലായാണ് ഏകദിന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള ന്യൂനപക്ഷ പ്രാതിനിധ്യമുള്ള സ്കൂള്‍/കോളേജ് പ്രിന്‍സിപ്പല്‍മാര്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പലിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0495 2724610, 9446643499 നമ്പറുകളില്‍ ബന്ധപ്പെടാം.
വിധികര്‍ത്താക്കളാവുന്നതിന് ബയോഡാറ്റ ക്ഷണിച്ചു
നവംബര്‍ 28 ന് ആരംഭിക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാവുന്നതിന് കോഴിക്കോട് ജില്ലയ്ക്ക് പുറത്ത് താമസക്കാരായ യോഗ്യരായവരില്‍ നിന്നും ബയോഡാറ്റ ക്ഷണിക്കുന്നു. അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ 30 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446891620, 8547215177.
റേഷന്‍കട ലൈസന്‍സി നിയമനം: അപേക്ഷകള്‍ ക്ഷണിച്ചു
ജില്ലയില്‍ 17 റേഷന്‍കടകളില്‍ ലൈസന്‍സി സ്ഥിരനിയമനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 25 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട വിധവും വിശദമായ നോട്ടിഫിക്കേഷനും ജില്ലാ സപ്ലൈ ഓഫീസിലും ബന്ധപ്പെട്ട താലൂക്ക്/സിറ്റി റേഷനിംഗ് ഓഫീസുകളിലും പഞ്ചായത്ത്/വില്ലേജ് ഓഫീസുകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സംശയ നിവാരണത്തിന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസ് 0495 2370655, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് 0495 2374885, സിറ്റി റേഷനിംഗ് ഓഫീസ്(സൗത്ത്) 0495 2374807, സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) 0495 2374565, താലൂക്ക് സപ്ലൈ ഓഫീസ് കൊയിലാണ്ടി 0496 2620253, താലൂക്ക് സപ്ലൈ ഓഫീസ് വടകര 0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് 0495 2224030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ദര്‍ഘാസുകള്‍ ക്ഷണിച്ചു
സാങ്കേതിക വിദ്യാഭ്യാസ മേഖല കാര്യാലയത്തിലേക്ക് ആവശ്യമായ 3 കെ.വി.എ ഓണ്‍ലൈന്‍ യുപിഎസ് വിത്ത് ബാറ്ററി വിതരണം ചെയ്യാന്‍ താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോറത്തിന്റെ വില്‍പ്പനയുടെ അവസാന തീയതിയും സമയവും നവംബര്‍ 30. ദര്‍ഘാസ് നമ്പര്‍, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകള്‍ ജോയിന്റ് ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ മേഖല കാര്യാലയം, കോഴിക്കോട്-09 എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2373819.
തീയതി നീട്ടി
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്സ്) ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ 0471 – 2329468, 2339178.
വാഹനഗതാഗതം നിരോധിച്ചു
ജില്ലയിലെ കുളങ്ങരത് -നമ്പിത്താന്‍ കുണ്ട് വലൂക് – വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായി കുമ്പളച്ചോല ജംഗ്ഷനിലൂടെയുളള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. കുമ്പളച്ചോലയില്‍ നിന്നും മുണ്ടോംകണ്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കമ്മായി വഴി തിരിഞ്ഞു പോകേണ്ടതാണ്. മുണ്ടോംകണ്ടത്തുനിന്നും കുമ്പളച്ചോല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കമ്മായി വഴി തിരിഞ്ഞും പോകണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.
ദര്‍ഘാസുകള്‍ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് നവംബര്‍ 22 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന വ്യവസായ പ്രദര്‍ശന വിപണന മേളയിലേക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ എക്സിബിഷന് സ്റ്റാളുകളുടെ നിര്‍മ്മാണം ലൈറ്റ് ആന്‍ഡ് സൗണ്ട് അനുബന്ധ പ്രവര്‍ത്തികള്‍ക്ക് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10 വൈകുന്നേരം 3.00 മണി. തുറക്കുന്ന തീയതി നവംബര്‍ 10 വൈകീട്ട് 3.30.
‘വര്‍ണ്ണോത്സവം’ ഏകദിന ശില്പശാല നാളെ
ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി എടക്കളത്തൂര്‍
ദേശാഭിമാനി കലാ-കായിക സാംസ്കാരിക വേദി ആന്‍ഡ് പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച്
നടത്തുന്ന ‘വര്‍ണ്ണോത്സവം’ ഏകദിന ശില്പശാല നാളെ .(ഒക്ടോബര്‍ 27) തൃശൂര്‍ അക്കാദമി ആസ്ഥാനമന്ദിരത്തില്‍ കുട്ടികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10 മണിക്ക്
അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് ശില്പശാല സമാപിക്കും.
അതിഥി തൊഴിലാളികള്‍ക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുണ്ടായിതോട് വി.കെ.സിയില്‍ നടത്തിയ ക്ലാസില്‍
സിവില്‍ എക്സൈസ് ഓഫീസര്‍ ഷാജു ക്ലാസെടുത്തു. ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ വിപിന്‍ സ്വാഗതവും ക്ലാര്‍ക്ക് നന്ദു സന്തോഷ് കൃതജ്ഞതയും രേഖപ്പെടുത്തി.