സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: കോഴിക്കോട് ഉള്‍പ്പടെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം


വടകര: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കോഴിക്കോട് അടക്കം പത്ത് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോര മേഖലകളില്‍ അതി ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഒക്ടോബര്‍ 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) ഇന്ന് രാത്രി 11.30 വരെ 1.6 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.