വീട്ടിലെ പാചകമെന്ന ബാധ്യത ഒഴിഞ്ഞു; പൊന്നാനി മാതൃകയില്‍ ബാലുശേരിയിലും പൊതു അടുക്കളകള്‍


ബാലുശ്ശേരി: പൊന്നാനി മാതൃകയില്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരിയിലും പൊതു അടുക്കളകള്‍ വരുന്നു. കോട്ടൂര്‍ പഞ്ചായത്ത് 18-ാംവാര്‍ഡ്, ബാലുശ്ശേരി പഞ്ചായത്തിലെ പനായി, ഉണ്ണികുളത്തെ ഇയ്യാട്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലാണ് പുതുതായി തുടങ്ങിയത്.

പല കുടുംബങ്ങള്‍ക്കായി കൂട്ടത്തിലൊരാളുടെ വീട്ടിലാണ് ഭക്ഷണം പാചകംചെയ്യുന്നത്. ആകെച്ചെലവ് മാസത്തില്‍ തിട്ടപ്പെടുത്തി കുടുംബത്തിലെ ആളുകളുടെ എണ്ണത്തിനനുസരിച്ച് വീതംവെക്കും. പാചകചുമതലയുള്ള കുടുംബത്തിന് വേതനവും നല്‍കും.

രാവിലെ ചായക്കെന്ത് പലഹാരമുണ്ടാക്കും, ഊണിനെന്തു കറിവെക്കും എന്നിങ്ങനെയുള്ള വേവലാതികളില്‍നിന്നുള്ള മോചനത്തിന്റെ ആശ്വാസത്തിലാണ് ഈ കുടുംബങ്ങള്‍. പൊതുവെ മിക്ക കുടുംബങ്ങളിലും സ്ത്രീകളാണ് പാചക ജോലികള്‍ ചെയ്യാന്‍ ബാധ്യസ്ഥരാകുന്നത്. മറ്റു ജോലികള്‍ ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ പൊതു അടുക്കളകളായതോടെ ഉദ്യോഗസ്ഥകളും പൊതുപ്രവര്‍ത്തകരുമെല്ലാമായ ഇവര്‍ക്ക് ആ രംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും കഴിയുന്നുണ്ടെന്നാണ് സ്ത്രീകള്‍ പറയുന്നത്. വായനയും നൃത്തപഠനവുമൊക്കെ തിരിച്ചുപിടിച്ചവരുമുണ്ട്.

പെരുവയല്‍ പഞ്ചായത്തിലെ ചെറുകുളത്തൂര്‍, മേമുണ്ട-ചല്ലിവയല്‍, നാദാപുരം പയന്തോങ്ങ് തുടങ്ങിയ സ്ഥലങ്ങളിലും പൊതു അടുക്കളെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ട്.