വന്‍പ്രഖ്യാപനങ്ങളുമായി കെ റെയില്‍ പുനരധിവാസ പാക്കേജ്; നഷ്ടപരിഹാരതുകയ്ക്ക് പുറമേ 4.6ലക്ഷം രൂപയും- വിശദാംശങ്ങള്‍ അറിയാം



തിരുവനന്തപുരം:
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്ഥലം നഷ്ടമാകുന്ന ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരതുകയ്ക്ക് പുറമേ 4.6ലക്ഷം രൂപ കൂടി നല്‍കുമെന്നാണ് പാക്കേജ്. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും.

കാലിത്തൊഴുത്തുകള്‍ പൊളിച്ചുനീക്കപ്പെടുകയാണെങ്കില്‍ അതിന് 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്ടപരിഹാരം നല്‍കും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വിപണിവിലയുടെ ഇരട്ടിവരുന്ന നഷ്ടപരിഹാരതുകയ്ക്ക് പുറമേ 50,000 രൂപകൂടി നല്‍കും.

വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നല്‍കും. വാസസ്ഥലം നഷ്ടമാകുന്ന വാടകതാമസക്കാര്‍ക്ക് 30,000 രൂപയും നല്‍കും. കച്ചവടസ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് കെ റെയില്‍ നിര്‍മ്മിക്കുന്ന വാണിജ്യ സമുച്ചയങ്ങളിലെ കടമുറികളില്‍ മുന്‍ഗണന നല്‍കാനും പാക്കേജില്‍ തീരുമാനിച്ചിട്ടുണ്ട്.

വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാവുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകളാാണ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഒന്ന് നഷ്ടപരിഹാത്തുകയ്ക്കു പുറമേ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും. രണ്ട് നഷ്ടപരിഹാരതുകയ്ക്ക് പുറമേ അഞ്ച് സെന്റ് ഭൂമിയും നാലുലക്ഷം രൂപയും. മൂന്നാമത്തേത് നഷ്ടപരിഹാരതുകയ്ക്ക് പുറമേ പത്തുലക്ഷം രൂപ എന്നതാണ്.

വിപണിവിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴില്‍കാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ മുതലായവര്‍ക്ക് 50,000 രൂപയും പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം 6000 രൂപവീതം ആറുമാസം നല്‍കും. പെട്ടിക്കടക്കാര്‍ക്ക് 25000 രൂപമുതല്‍ 50,000 രൂപവരെ സഹായമായി നല്‍കും. പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, അല്ലെങ്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറുമാസം നല്‍കുന്ന പദ്ധതിയും പാക്കേജിന്റെ ഭാഗമായുണ്ട്.

പദ്ധതിയുടെ ഭാഗമായി നഷ്ടം സംഭവിക്കുന്ന കുടുംബങ്ങളിലെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമങ്ങളില്‍ പ്രത്യേക പരിഗണന നല്‍കും.