വടകര സ്വദേശിനിയായ പെണ്‍കുട്ടിയെ ലോഡ്ജില്‍ വിളിച്ചു വരുത്തി മാല മോഷ്ടിച്ചു; സുഹൃത്ത് പിടിയില്‍
വടകര: പെണ്‍സുഹൃത്തിനെ ലോഡ്ജില്‍ വിളിച്ചു വരുത്തി സ്വര്‍ണമാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. വയനാട് മീനങ്ങാടി സ്വദേശി മിര്‍ഷാദ്(44) ആണ് മാഹി പോലീസിന്റെ പിടിയിലായത്. മാഹിയില്‍ ലോഡ്ജില്‍ മുറിയെടുത്ത ശേഷം വടകര സ്വദേശിയായ പെണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ബോധരഹിതയാക്കിയ ശേഷം പ്രതി മാല മോഷ്ടിക്കുകയായിരുന്നു.
ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. മൂന്ന് പവനോളം വരുന്ന മാല മോഷ്ടിച്ച ദിവസം തന്നെ പയ്യന്നൂരിലെ ജ്വല്ലറിയില്‍ 1,19,000 രൂപയ്ക്ക് പ്രതി വില്‍ക്കുകയായിരുന്നു.
മാല നഷ്ടപ്പെട്ട സ്ത്രീ കഴിഞ്ഞ ദിവസം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വടകരയില്‍ വച്ചാണ് പ്രതിയെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.