‘മൂന്നരമുതൽ എട്ടുകിലോമീറ്റർവരെ അധികം യാത്ര ചെയ്യണം’; മൂരാട് പാലത്തിലെ ഗതാഗത നിരോധനത്തോടെ വാഹനങ്ങൾ സഞ്ചരിക്കേണ്ടിവരിക ഇപ്രകാരം
പയ്യോളി: ദോശീയപാത വികസനത്തിന്റെ ഭാഗമായി മൂരാട് പാലത്തിൽ ഗതാഗത നിയന്ത്രണം വരുന്നതോടെ വടകരയിൽ നിന്ന് പയ്യോളിയിലെത്താൻ യാത്രക്കാർ കീലോമീറ്ററുകൾ അധികം സഞ്ചരിക്കണം. മൂരാടിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്. ഒരുഭാഗത്തേക്ക് 3.60 കിലോമീറ്ററും മറുഭാഗത്തേക്ക് എട്ടു കിലോമീറ്ററുമാണ് അധികം സഞ്ചരിക്കേണ്ടിവരുക. ജില്ലാ കലക്ടറുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് മൂരാട് പാലത്തിൽ എന്നുമുതലാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക എന്നതിൽ വ്യക്തത വരിക.
വടകര ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വടകര നാരായണനഗരം ജങ്ഷനിൽനിന്നും പണിക്കോട്ടി റോഡ്- മണിയൂർ-തുറശ്ശേരിക്കടവ് പാലം-കീഴൂർ വഴി പയ്യോളിയിലേക്ക് തിരിച്ചുവിടാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കാട്ട് നിന്നുവരുന്ന വാഹനങ്ങൾ പയ്യോളിയിൽനിന്നും അട്ടക്കുണ്ട് കടവ് പാലംവഴി മണിയൂരിലെത്തി കുറുന്തോടി- ബാങ്ക് റോഡ് വഴി വടകരയിലേക്ക് കയറണം. ഈ രണ്ട് ബദൽമാർഗങ്ങളുടെയും വിശദവിവരങ്ങൾ മോട്ടോർവാഹനവകുപ്പും പോലീസുമെല്ലാം ശേഖരിച്ചിട്ടുണ്ട്.
ദേശീയപാതവഴി വടകരയിൽനിന്ന് പയ്യോളിയിലേക്കുള്ള ദൂരം 10.80 കിലോമീറ്ററാണ്. വടകര-പണിക്കോട്ടി റോഡ്-മണിയൂർ-കീഴൂർവഴി ഗതാഗതം തിരിച്ചുവിടുമ്പോൾ 13.60 കി.മി. സഞ്ചരിക്കണം. പയ്യോളി-അട്ടക്കുണ്ട് കടവ്- കുറുന്തോടി-ബാങ്ക് റോഡ് വഴി 18 കിലോമീറ്ററും വേണം. ബദൽറോഡുകളുടെ നിലവാരം സംബന്ധിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
പണിക്കോട്ടി റോഡ്-മണിയൂർ റോഡ് ഈയ്യിടെ റീടാറിങ് നടത്തിയതിനാൽ കാര്യമായ പ്രശ്നമില്ല. എങ്കിലും ചില സ്ഥലങ്ങളിൽ റോഡ് തകർന്നിട്ടുണ്ട്. ഉല്ലാസ് നഗർ ബസ് സ്റ്റോപ്പിനുസമീപം, ചെല്ലട്ടുപൊയിൽ, ഫിനിക്സ് ബസ് സ്റ്റോപ്പ് ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണിത്. അട്ടക്കുണ്ട് കടവ്-കുറുന്തോടി റോഡിൽ കുറുന്തോടി ടൗൺ, മുതുവന, എലിപ്പറമ്പത്ത് മുക്ക് എന്നിവിടങ്ങളിലും തകർച്ചയുണ്ട്.
യാത്ര സുഗമമാക്കാൻ രണ്ട് റോഡിലുംകൂടി 24 സ്ഥലത്ത് ദിശാസൂചിക സ്ഥാപിക്കാനും നിർദേശമുണ്ട്. പയ്യോളി-അട്ടക്കുണ്ട്- കുറുന്തോടി-ബാങ്ക് റോഡ്-വടകര റൂട്ടിൽ 15 ഇടത്ത് ദിശാസൂചിക വേണം. വടകര- പണിക്കോട്ടി റോഡ്-മണിയൂർ-കീഴൂർ- പയ്യോളി റൂട്ടിൽ ഒമ്പതിടത്താണ് സൂചിക വേണ്ടത്.
Summary: Traffic ban on Murad bridge