മുന്നില്‍ കണ്ടവരെയെല്ലാം പരക്കെ കടിച്ച് നായ്ക്കള്‍; വടകരയില്‍ തെരുവുനായ്ക്കളുടെ പരാക്രമണം, ഏഴു പേര്‍ക്ക് പരിക്ക്


വടകര: വടകര ടൗണില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കടിയേറ്റു. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് നായകള്‍ മുന്നില്‍ കണ്ടവരെയൊക്കെ പരക്കെ കടിച്ചത്.

ട്യൂഷന്‍ കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുന്നതിനിടെ വടകര പുതിയ സ്റ്റാന്‍ഡില്‍ വെച്ചാണ് ജെഎന്‍എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മേപ്പയില്‍ താഴെ എടവലത്ത് അല്‍ക്കേഷ്(16)ക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. നഗര സഭ പാര്‍ക്കിന് സമീപത്ത് വെച്ച് ബിഇഎം സ്‌കൂളിലെ ചോറോട് വാണിയംകണ്ടി സിയാഹുല്‍ റഹ്മാന്‍ (14), അമൃത പബ്‌ളിക് സ്‌കൂളിലെ ജീവനക്കാരന്‍ വള്യാട് കെടഞ്ഞോത്ത് ബാബു (44) നെ വടകര ഗവ. ജില്ലാ ആശുപത്രി പരിസരത്ത് വെച്ചും, നാരായണ നഗറിലെ നിലാംബരിയില്‍ നാരായണി (80)യെ വീട്ടിലെ കോലായിയില്‍ ഇരിക്കുന്നതിനിടെയും കടിയേറ്റു.

മേപ്പയില്‍ വെച്ച് കാര്‍പെന്‍ഡര്‍ തൊഴിലാളി തൃശൂര്‍ സ്വദേശി സുധീഷി (35)നും എടോടിയില്‍ അക്ഷയ ജീവനക്കാരി അനുര (35) യെ എടോടിയില്‍ വെച്ചും റെയില്‍വെ ജീവനക്കാരന്‍ പുതുപ്പണം കിഴക്കെ മുതിരക്കാലില്‍ പ്രദീപന്‍ (41) നെ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് നായ കടിച്ചത്.

പരിക്കേറ്റവര്‍ വടകര ഗവ. ജില്ലാ ആശു പത്രിയില്‍ ചികിത്സ തേടി. ഏഴ് പേര്‍ക്കും കാലിനാണ് കടിയേറ്റത്. തെരുവ് നായകള്‍ കണ്ണില്‍ കണ്ടവരെയൊക്കെ പരക്കെ ആക്രമിക്കുകയായിരുന്നു. പലരും കടിയേല്‍ക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു.