മീഡിയവണ്‍ ചാനല്‍ നിരോധനം ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്ന സമീപനമെന്ന് കെ. മുരളീധരന്‍: നിരോധനത്തിനെതിരെ മേപ്പയ്യൂരില്‍ ഐക്യദാര്‍ഢ്യ സദസ്സ്


മേപ്പയ്യൂര്‍: ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്ന ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്ന നയങ്ങളുടെ ഭാഗമാണ് മീഡിയ വണ്‍ ചാനലിന്റെ നിരോധനമെന്നും ഇതിനെതിരെ ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെ.മുരളീധരന്‍ എം.പി അഭിപ്രായപ്പെട്ടു. മീഡിയ വണ്‍ ചാനലിന്റെ നിരോധനത്തിനെതിരെ മേപ്പയ്യൂരില്‍ നടന്ന ഐക്യദാര്‍ഡ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയെ സ്തുതിക്കുകയും ഗോഡ്‌സെക്ക് ക്ഷേത്രം പണിയുകയും ചെയ്യുന്ന കാപട്യമാണ് സംഘ പരിവാറിന്റെ ദേശസ്‌നേഹത്തിന്റെ അടിസ്ഥാനം. രാജ്യസുരക്ഷയുടെ പേരില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും, സംഘടനകളെയും നിശബ്ദരാക്കാന്‍ ഭരണകൂടത്തിന് കഴിയുമെന്ന കീഴ് വഴക്കമാണ് വരാന്‍ പോകുന്നതെന്ന് മീഡിയ വണ്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ നിഷാദ് റാവുത്തര്‍ പറഞ്ഞു. രാജ്യ സുരക്ഷ എന്ന് ആരോപിക്കുമ്പോഴും അത് എന്താണ് എന്ന് വെളിപ്പെടുത്തേണ്ടതില്ല എന്ന പ്രിവിലേജ് ആണ് ഭരണകൂടം സ്ഥാപിച്ചെടുക്കുന്നത്. ഇത് ജനാധിപത്യത്തോടും ഭരണഘടനാ മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാഗത സംഘം ചെയര്‍മാന്‍ മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, ഡി.സി.സി മെമ്പര്‍ വി.ബി.രാജേഷ്, സാജിദ് നടുവണ്ണൂര്‍, അന്‍വര്‍ നൊച്ചാട്, ലുലു മര്‍ജാന്‍, ടി.കെ.മാധവന്‍, വി.എ. ബാലകൃഷ്ണന്‍, പി.കെ.പ്രിയേഷ് കുമാര്‍, ഫസലുറഹ്‌മാന്‍, എം.എം. മുഹിയുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

സന്തോഷ് കാരയാട്, അനൂപ് വാല്യക്കോട്, ജിത്തു പേരാമ്പ്ര എന്നിവരുടെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ ഫ്യൂഷനും, റഹ്‌മാന്‍ കൊഴുക്കല്ലൂര്‍, റജികുമാര്‍, ശ്രീജേഷ് കായണ്ണ, അബ്ദുള്ളതച്ചോളി, ആദിഷ് ദിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ ചിത്രകാരന്‍മാരുടെ പ്രതിഷേധ കൂട്ടായ്മയും, നടന്നു. സെയ്ദ് എലങ്കമല്‍ സ്വാഗതവും സിറാജ് മേപ്പയ്യൂര്‍ നന്ദിയും പറഞ്ഞു.