മാഹി സെന്റ് തെരേസ ദേവാലയത്തില്‍ നിന്നും മോഷണം പോയ വസ്തുക്കള്‍ ഷൊര്‍ണ്ണൂരിലെ ക്ഷേത്രക്കുളത്തില്‍; കുളപ്പുള്ളി സ്വദേശി പോലീസ് കസ്റ്റഡിയില്‍


മാഹി: മാഹി സെന്റ് തെരേസ ദേവാലയത്തില്‍ നിന്നും മോഷണം പോയ വസ്തുക്കള്‍ ഷൊര്‍ണ്ണൂരിലെ ക്ഷേത്രക്കുളത്തില്‍ നിന്നും കണ്ടെടുത്തു. ദേവാലയങ്ങളില്‍ അപ്പവും വീഞ്ഞും ഭക്തര്‍ക്കു നല്‍കാന്‍ ഉപയോഗിക്കുന്ന പിലാസയാണ് കുളത്തില്‍നിന്ന് ഷൊര്‍ണൂര്‍ത്തെരുവിലെ ശിവക്ഷേത്രക്കുളത്തില്‍ നിന്ന് മാഹി പോലീസ് കണ്ടെടുത്തത്.

സംഭവത്തില്‍ കുളപ്പുള്ളി സ്വദേശി തട്ടാന്‍ ചിറക്കുന്നുപറമ്പില്‍ ഫിറോസിനെ മാഹി പോലീസ് കസ്റ്റഡിയിലെടുത്തു. ദേവാലയത്തില്‍ നിന്ന് മോഷണം നടത്തിയത് ഫിറോസാണെന്ന് ഉറപ്പുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുമെന്ന് മാഹി പോലീസ് പറഞ്ഞു.

കഴിഞ്ഞ 14-നാണ് മാഹിയിലെ സെന്റ് തെരേസ ദേവാലയത്തില്‍ മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയായ ഫിറോസിനെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവക്ഷേത്ര ക്കുളത്തില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.

മോഷ്ടിച്ച വസ്തുക്കള്‍ ഷൊര്‍ണൂരില്‍ വില്‍ക്കാന്‍ കഴിയാതുരുന്നതിനാലാണ് ഇയാള്‍ ഇവ കുളത്തിലുപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. എസ്.ഐ. റീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൊര്‍ണൂരിലെത്തി ഫിറോസിനെ പിടികൂടിയത്. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.