ഭക്തിസാന്ദ്രമായി കൊയിലാണ്ടിയില്‍ തെയ്യം-തിറയാട്ടക്കാലത്തിന് തുടക്കം; കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രസന്നിധിയില്‍ നിറഞ്ഞാടി തീക്കുട്ടിച്ചാത്തന്‍
കൊയിലാണ്ടി: ഭക്തിസാന്ദ്രമായ അന്തരീക്ഷം. സമയഘടികാരം പോലും നിലച്ചുവോ എന്ന് ഒരുമാത്ര തോന്നിച്ച നിമിഷങ്ങള്‍. ജാതിമതഭേദമന്യേ സന്തോഷം പങ്കിടുന്ന മനുഷ്യര്‍ ചുറ്റിലും. അതെ, മലബാറിലെ തെയ്യം-തിറയാട്ട് കാലം ഇങ്ങനെയാണ്. ചരിത്രത്തിലേക്ക് പിന്നോട്ട് നടന്നാല്‍ നൂറ്റാണ്ടുകള്‍ക്കപ്പുറം ഇതേ കാഴ്ചകള്‍ അന്നും കാണാമായിരുന്നു, ഒരു മങ്ങാത്ത ചിത്രം പോലെ.
മലബാറിലെ ഉത്സവകാലം സാഹോദര്യത്തിന്റെതും ഐക്യത്തിന്റെതുമാണ്. ദൈവികമായ ആഘോഷങ്ങളുടെ അടയാളമായ തെയ്യങ്ങള്‍ ആടുന്ന ഉത്സവപ്പറമ്പുകള്‍ ഓരോ ദേശത്തിന്റെയും ഭക്തിയില്‍ പൊതിഞ്ഞ സ്നേഹ സാഹോദര്യങ്ങളുടെ സംഗമവേദികളാണ്.
താളമേളങ്ങളുടെ അകമ്പടിയോടെ തെയ്യങ്ങളാടുന്ന ഉത്സവപ്പറമ്പുകള്‍ കൊയിലാണ്ടി ദേശത്തിലെങ്ങും വര്‍ണ്ണം പകരുകയാണ്. തെയ്യം തിറയാട്ടിനും കൊയിലാണ്ടിക്കും തമ്മില്‍ ഒരിക്കലും പിരിയാനാവാത്ത ദൈവികമായ ബന്ധമാണ് ഉള്ളതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കാലം ചെല്ലും തോറും ദൃഢത വര്‍ധിക്കുന്ന ബന്ധമാണത്.
അകലാപ്പുഴയുടെ ഭംഗിയോട് തൊട്ടു കിടക്കുന്ന ദേവീദേവന്മാരുടെ ചൈതന്യങ്ങള്‍ കൊണ്ട് പ്രസിദ്ധിയാര്‍ജിച്ച കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രസന്നിധി കൊയിലാണ്ടിയിലെ പ്രധാന തിറയാട്ട വേദികളിലൊന്നാണ്. ഇവിടെ നിന്നാണ് കൊയിലാണ്ടിയിലെ തെയ്യം തിറയാട്ടക്കാലം ആരംഭിക്കുന്നത്. തിറയാട്ടക്കാലത്ത് ഒട്ടനവധി ഭക്തജനങ്ങളാണ് ഇങ്ങോട്ട് ഒഴുകിയെത്താറ്. ഇടങ്കാരവും വലങ്കാരവും അതിനൊപ്പം തന്നെ കത്തി അമരുന്ന ഓലച്ചുട്ടിന്റെ ഗന്ധവും മഞ്ഞള്‍പ്പൊടിയുടെ ഗന്ധവും നിറഞ്ഞ അന്തരീക്ഷത്തില്‍ തെയ്യത്തിനായി ഇവിടം ഒരുങ്ങും.
ഇവിടുത്തെ പ്രധാന തിറയാട്ടമാണ് തീക്കുട്ടി ചാത്തന്റെത്. കാളങ്കാട്ടില്ലം ചാത്തനെ വെട്ടിനുറുക്കി നാനുറ്റിനാല്പ്പത്തിയെട്ട് കഷ്ണങ്ങളാക്കി. ശേഷം നാല്‍പ്പത്തി ഒന്നാം ദിവസം ഹോമകുണ്ഡത്തില്‍ നിന്ന് തീയില്‍ കുരുത്ത് ദേവന് ഉടലെടുത്തു എന്നാണ് ദേവന്റെ ഐതിഹ്യം. ചുറ്റിലും പന്തങ്ങളുടെ അഗ്നിജ്വലനത്തിലൂടെ ദേവന് അഗ്നിനടനമാടും. തെയ്യം തിറയാട്ട പ്രേമികളുടെ ഹരമായ ഈ തിറ പുലര്‍ച്ചെ രണ്ട് മണിക്കാണ് നടന്നത്.
പൈതങ്ങളെ രക്ഷിക്കാന്‍ നാടിന് കാവലായി നില്‍ക്കുന്നവരാണ് ദൈവീദേവന്മാര് എന്നാണ് ഭക്തരുടെ വിശ്വാസം. ലോകം ഇന്ന് കടന്നു പോകുന്ന കോവിഡ് മഹാമാരിയില്‍ ഭക്തരുടെ പ്രതീക്ഷകള്‍ക്ക് പുതുനാമ്പ് തളിര്പ്പിക്കുന്നതാണ് ഓരോ തിറയുത്സവങ്ങളും. ഗാംഭീര്യവും ഭയാനകവുമായ ഈ തിറയുടെ അനുഷ്ഠാന കോലധാരിയായത് തെയ്യം തിറയാട്ട കലയിലെ നിറസാന്നിധ്യമായ നിധീഷ് കുറുവങ്ങാടാണ്.