പ്രതിഷേധം വകവെയ്ക്കാതെ ആനപ്പാറ ക്വാറിയില്‍ സ്ഫോടനം നടത്തി ക്വാറി അധികൃതര്‍: ക്വാറിയിലേക്ക് കയറി സ്ത്രീകളടക്കമുള്ള പ്രക്ഷോഭകര്‍; പ്രദേശത്ത് സംഘര്‍ഷാവസ്ഥ- വീഡിയോ കാണാം
കൊയിലാണ്ടി: ആനപ്പാറ ക്വാറിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണി വിളിച്ചുചേര്‍ത്ത യോഗം പരാജയപ്പെട്ടതിനു പിന്നാലെ ഇന്ന് ക്വാറി പ്രവര്‍ത്തനം ആരംഭിച്ചത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ വഴിവെച്ചിരിക്കുകയാണ്. രാവിലെ മുതല്‍ ക്വാറിയില്‍ വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിക്കാനുള്ള പണികള്‍ തുടങ്ങിയിരുന്നു. സ്ഫോടനം നടത്തുകയാണെങ്കില്‍ എന്തുവിലകൊടുത്തും തടയുമെന്നു പറഞ്ഞ് പ്രായമായ സ്ത്രീകളടക്കമുള്ള പ്രതിഷേധകര്‍ പുറത്ത് തമ്പടിക്കുകയും ചെയ്തിരുന്നു. പതിനൊന്നരയോടെ ക്വാറിയില്‍ നിന്നും സ്ഫോടനശബ്ദം കേട്ടതോടെ സ്ത്രീകളകടക്കമുള്ള പ്രതിഷേധക്കാര്‍ ക്വാറിയ്ക്കുള്ളിലേക്ക് കയറി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ക്വാറിയ്ക്കെതിരെ ഒരുമാസത്തോളമായി പ്രദേശവാസികള്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞദിവസം തഹസീല്‍ദാര്‍ യോഗം വിളിച്ചുചേര്‍ത്തത്. ക്വാറിയില്‍ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി കുറച്ചുദിവസം കൂടി മുന്നോട്ടുപോകട്ടെയെന്ന നിലപാട് തഹസീല്‍ദാര്‍ അടക്കമുള്ളവര്‍ സ്വീകരിച്ചതോടെ യോഗത്തില്‍ നിന്നും സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുകൊണ്ട് ഇറങ്ങിപ്പോരുകയാണുണ്ടായതെന്നാണ് ആക്ഷന്‍ കമ്മിറ്റി നേതാവ് കിഷോര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.
കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല, മണ്ഡലം കോണ്‍സ് പ്രസിഡന്റ് ഇടത്തില്‍ ശിവന്, സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ടി.രാഘവന്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്റ് ടി.യു.സൈനുദ്ദീന്‍, ബിജെപി മണ്ഡലം സെക്രട്ടറി ശബരീനാഥ്, സി പി ഐ പ്രതിനിധി ടി.കെ വിജയന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം സുനി, മെംബര്‍മാരായ ഇ.എം മനോജ്, സവിത നിരത്തിന്റെ മീത്തല്‍, കെ. ജലജ, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ക്രഷര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഉഗ്ര സ്ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നത്.
ഏതാണ്ട് ഒമ്പതുമാസം മുമ്പ് വീടുകളില്‍ വിള്ളലുവരുന്നതും ചോര്‍ച്ചവരുന്നതും മറ്റും നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസുള്‍പ്പെടെ ഇടപെട്ട് ക്രഷര്‍ ഉടമകളുമായി കൊയിലാണ്ടി സല്‍ക്കാര ഹോട്ടലില്‍വെച്ച് ചര്‍ച്ച നടത്തിയിരുന്നു. വിള്ളലുകള്‍ വന്ന വീടുകള്‍ പരിശോധിച്ച് നടപടിയെടുത്തതിനുശേഷമേ ക്വാറി പ്രവര്‍ത്തനം പുനരാംരഭിക്കൂവെന്ന് അന്ന് ഉടമകള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ക്വാറി ലീസിനെടുത്ത മാനേജ്മെന്റ് ഇതിനൊന്നും തയ്യാറാവാതെ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയി. ഒന്നുരണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടുകളില്‍ കേടുപാടുകള്‍ കൂടി വരികയും ചെയ്തതോടെയാണ് നാട്ടുകാര്‍ വീണ്ടും സമരവുമായി മുന്നോട്ട് വന്നത്.
വേനല്‍ക്കാലത്തും സുലഭമായി വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ കിണറുകളെല്ലാം ഇന്ന് വറ്റുന്ന സ്ഥിതി വിശേഷമാണ്. സംഘടനകള്‍ ഇടപെട്ട് പുറമേ നിന്ന് വെള്ളം എത്തിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍ എന്നാണ് ആക്ഷന്‍ കമ്മിറ്റി നേതാവ് സുകേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഈ സാഹചര്യത്തില്‍ ക്വാറിയില്‍ സ്ഫോടനം നടത്തുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.