പൊലീസെന്ന വ്യാജേന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പ്രതികള്‍ക്കൂടി അറസ്റ്റില്‍; പിടിയിലായവരില്‍ രണ്ട് കോഴിക്കോട് സ്വദേശികളും


കോഴിക്കോട്: പൊലീസെന്ന വ്യാജേന തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒരുകോടി നാല്‍പ്പതുലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മന്‍സൂര്‍, മലപ്പുറം സ്വദേശി ഷഫീര്‍ എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറത്ത് നിന്നാണ് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാല് പ്രതികളെ കര്‍ണാടക മാണ്ഡ്യയില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് ഏഴംഗ സംഘം ഇന്നോവയിലെത്തി തിരൂര്‍ സ്വദേശിയായ സ്വകാര്യ ബസ് യാത്രക്കാരന്റെ കൈയില്‍ നിന്നും ഒന്നരക്കോടി രൂപ കവര്‍ച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു. തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വെച്ച് വെളുത്ത ഇന്നോവ കാറിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കാറില്‍ വന്നവര്‍ കഞ്ചാവ് പിടികൂടാന്‍ വന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് മറ്റ് യാത്രക്കാരോട് പറഞ്ഞത്.

വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയന്‍, കണ്ണൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ എന്നിവരെയാണ് മാണ്ഡ്യയില്‍ നിന്നും അറസ്റ്റു ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് മൂന്ന് പേരെ കൂടി കണ്ടെത്താന്‍ കഴിഞ്ഞത്. മാണ്ഡ്യയില്‍ നിന്നും ക്രിമിനല്‍ സംഘത്തെ സാഹസികമായി കീഴടക്കുന്നതിനിടെ തിരുനെല്ലി സി.ഐ പി.എല്‍ ഷൈജുവിന് നേരെ കാര്‍ കയറ്റിയിറക്കാന്‍ ശ്രമം നടന്നിരുന്നു.