നാല് വയസ്സുകാരനില്‍ നടത്തിയ സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരം; പീഡിയാട്രിക് ശസ്ത്രക്രിയാ രംഗത്ത് ചരിത്ര നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി


കുറ്റ്യാടി: ശസ്ത്രക്രിയാ രംഗത്ത് ചരിത്ര നേട്ടവുമായി കുറ്റ്യാടി താലൂക്ക് ആശുപത്രി. പൂര്‍ണ്ണ ജനറല്‍ അനസ്തേഷ്യ നല്‍കിക്കൊണ്ടുള്ള പീഡിയാട്രിക് സര്‍ജറിയാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ നടന്നത്. വാണിമേല്‍ സ്വദേശിയായ നാല് വയസ്സുകാരന് ജന്മ്മനാ വൃഷണ സഞ്ചിക്കടുത്ത് ഉണ്ടായിരുന്ന മുഴയാണ് ഈ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തത്.

സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷം രൂപ വരെ ചിലവ് വരുന്നതും ഏറെ പ്രയാസകരവുമായ ശസ്ത്രക്രിയയാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഏറ്റെടുത്ത് ചെയ്യാന്‍ സന്നദ്ധതകാണിച്ചത്. താലൂക്ക് ആശുപത്രികളുടെ ചരിത്രത്തില്‍ ഇത്തരമൊരു ശസ്ത്രക്രിയ ആദ്യമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പൂര്‍ണ ആരോഗ്യവാനായി വിശ്രമത്തിലാണ്.

പീഡിയാട്രിക് സര്‍ജന്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ജറി ചീഫ് പി.കെ.ഷാജഹാന്‍, അനസ്തേഷ്യ ചീഫ് പ്രജിത്ത്, ഡോ.അനുഷ, ഡോ.അമിത്ത് എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഹെഡ് നഴ്സ് അംബിക, നഴ്സുമാരായ സന്ധ്യ, ഷിജി, നഴ്സിങ്ങ് അസിസ്റ്റന്റുമാരായ ശശീന്ദ്രന്‍, വിഷ്ണു എന്നിവര്‍ സഹായികളായി.