പണം കൊടുത്ത് പറ്റിക്കപ്പെടേണ്ടതുണ്ടോ; പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ


തീ വില കൊടുത്ത് പെട്രോള്‍ അടിക്കുമ്പോള്‍ കബളിക്കപ്പെടുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. സംഗതി സത്യമാണ്  ചെറുതും വലുതുമായ പറ്റിക്കലുകള്‍ പല പമ്പുകളിലും തകൃതിയായി നടന്നുവരുന്നു. തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ നമ്മളത് പലപ്പോഴുംതിരിച്ചറിയാറില്ലെന്ന് മാത്രം. അളവില്‍ കുറവ് ഇന്ധനമടിച്ചും നേരത്തേ മെഷീനില്‍ സെറ്റ് ചെയ്ത രീതിയില്‍ ഇന്ധനം നിറച്ചുമൊക്കെ ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കാന്‍ വഴികള്‍ പലതാണ്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ കബളിപ്പിക്കലുകള്‍ക്ക് നിന്നുകൊടുക്കാതെ ജാഗ്രതപാലിക്കേണ്ടത് അനിവാര്യമാണ്.

പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുമ്പോള്‍ പറ്റിക്കപ്പെടാതിരിക്കാനും ഇന്ധനം നിറയ്ക്കുമ്പോള്‍ നഷ്ടം സംഭവിക്കാതിരിക്കാനും  ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മീറ്ററില്‍ പൂജ്യമുണ്ടോ

നിങ്ങളുടെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ തുടങ്ങുന്നതിന് മുന്നോടിയായി മെഷീന്റെ മീറ്റര്‍ പൂജ്യമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നത് പറ്റിക്കപ്പെടലില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. മീറ്റര്‍ പൂജ്യത്തില്‍ സജ്ജീകരിക്കാത്തത് ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങളുടെ വാഹനത്തിലേക്ക് നിറയ്ക്കുന്നതിന് മുന്‍പ് പൂജ്യത്തിലേക്ക് മാറ്റാന്‍ കര്‍ശനമായി ആവശ്യപ്പെടുക.

100, 200, 500,1000… വിട്ട് പിടിക്കാം

പെട്രോള്‍ പമ്പില്‍ പോയി 100, 200, 500,1000 രൂപയ്ക്ക് ഇന്ധനം നിറയ്ക്കാന്‍ ഓര്‍ഡര്‍ ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ പല പമ്പുകളും യഥാര്‍ത്ഥ അളവിനേക്കാള്‍ കുറവായി ഈ നിരക്കില്‍ നിശ്ചിത അളവ് ഇന്ധനം നേരത്തേ സജ്ജീകരിച്ചുവെക്കാറുണ്ട്.  ഇത്തരം തുകകള്‍ക്ക് പകരം അതിനേക്കാള്‍ അല്‍പം കൂടിയതോ കുറഞ്ഞതോ ആയ തുകയ്ക്ക് ഇന്ധനം നിറക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇത്തരത്തില്‍ വഞ്ചിതരാവാതെ രക്ഷപ്പെടാം.

ഇന്ധനം പരിശോധിക്കാന്‍ മറക്കേണ്ട

പമ്പ് ജീവനക്കാര്‍ കാറുകളില്‍ പലപ്പോഴും ഉയര്‍ന്ന ഒക്ടെയ്ൻ ഇന്ധനം നിറയ്ക്കുന്നു. സാധാരണ കാറുകളില്‍ ഈ ഇന്ധനം നിറച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും തന്നെയില്ല. എന്നാല്‍ ഇത്തരം പെട്രോളിന് വില സാധാരണ പെട്രോളിനേക്കാള്‍ അധികവുമാണ്.  കാറിനെ മോശമായി ബാധിക്കില്ലെങ്കിലും മറ്റ് മെച്ചമൊന്നുമില്ലാത്തതിനാല്‍ സാധാരണ കാറുകളില്‍ ഇത്തരം ഇന്ധനം നിറച്ച് പണം നഷ്ടപ്പെടുത്തേണ്ടതില്ല. അതുകൊണ്ട് വാഹനത്തില്‍ ഇന്ധനം നിറക്കുന്നതിന് മുന്‍പ് ഏത് ഇന്ധനമാണ് ഒഴിക്കുന്നതെന്ന്  പരിശോധിച്ച് ഉറപ്പുവരുത്തുക.

പോപുലറും വിശ്വസ്തവുമായ പെട്രോള്‍ പമ്പുകളിലേക്ക് വിട്ടോ വണ്ടി

പോപുലറായതും വിശ്വസ്തവുമായ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഉന്ധനം നിറയ്ക്കുക. അത് മറ്റ് പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ സാധാരണയായി കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്ന എക്സ്പീരിയന്‍സ്ഡ് ആയ ചെയ്യുന്ന  ജീവനക്കാര്‍ ഉണ്ടായിരിക്കുമെന്നത് ഒരു പ്രധാന ഘടകമാണ്.

കാലിയായ ടാങ്ക് പോക്കറ്റും കാലിയാക്കും

ബൈക്കിന്റെയോ കാറിന്റെയോ ടാങ്ക് കാലിയാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശൂന്യമായ ടാങ്കില്‍ ഇന്ധനം നിറയ്ക്കുന്നത് ഉപഭോക്താവിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന കാര്യമാണ്.  വാഹനത്തിന്റെ ടാങ്ക് ശൂന്യമാകുന്തോറും അതില്‍ കൂടുതല്‍ വായു അവശേഷിക്കുകയും  ഇന്ധനം നിറച്ചതിന് ശേഷം വായു കാരണം പെട്രോളിന്റെ അളവ് കുറയുകയും ചെയ്യും. സ്ഥിരമായി ടാങ്ക് പകുതിയെങ്കിലും നിറച്ച് സൂക്ഷിക്കേണ്ടതുണ്ട്

സ്ഥിരമായി പരിശോധിക്കാം മൈലേജ്

വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്ന് മാറിമാറിഇന്ധനം നിറയ്ക്കുകയും നിങ്ങളുടെ വാഹനത്തിന്റെ മൈലേജ് തുടര്‍ച്ചയായും കൃത്യമായും പരിശോധിക്കുകയും ചെയ്യണം.

പൈപ്പിലെ തുള്ളികളെ വെറുതെ വിടരുത്

ഇന്ധനം നിറച്ച ശേഷം ചില ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് നോസല്‍ ഉടൻ പുറത്തെടുക്കുന്നതായി കാണാം. ഇങ്ങനെ ചെയ്യാന്‍ അനുവദിക്കരുത്. ഇങ്ങനെ ഉടനടി നോസല്‍ പുറത്തെടുക്കുമ്പോള്‍ പൈപ്പില്‍ ശേഷിക്കുന്ന ഇന്ധനം പമ്പിന്റെ ടാങ്കിലേക്ക് തിരികേ പോവും. പൈപ്പിലെ  ഇന്ധനം പൂര്‍ണമായി വാഹനത്തിന്റെ ടാങ്കിലേക്ക് കയറുന്നതിന് വേണ്ടി നോസല്‍ കുറച്ച്‌ നേരത്തേക്ക് വാഹനത്തിന്റെ ടാങ്കില്‍ പിടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഇന്ധനത്തില്‍ മായമുണ്ടോ

ചില പമ്പുകളില്‍ തീര്‍ത്തും ഗുണനിലവാരം കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് വരുന്നുണ്ട്. ഇത്തരം ഇന്ധനത്തിന്റെ ഉപയോഗം വാഹനത്തിന്റെ എൻജിന്‍ തന്നെ തകരാറിലാക്കും. ഫില്‍ട്ടര്‍ പേപ്പര്‍ ടെസ്റ്റിലൂടെ ഇന്ധനത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കഴിയും. പേപ്പറില്‍ ഏതാനും തുള്ളി പെട്രോള്‍ ഇട്ടാല്‍ പെട്രോള്‍ ശുദ്ധമാണെങ്കില്‍, കറ അവശേഷിപ്പിക്കാതെ ആവിയായി പോകുന്നതായി കാണാന്‍ സാധിക്കും. മായം കലര്‍ന്നതാണെങ്കില്‍, പെട്രോള്‍ തുള്ളി പേപ്പറില്‍ കുറച്ച്‌ കറകള്‍ അവശേഷിപ്പിക്കും.

ആവശ്യമെങ്കില്‍ അളവ് പരിശോധന

വിതരണം ചെയ്യുന്ന ഇന്ധനത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ക്ക് ജീവനക്കാരനോട് അളവ് പരിശോധിക്കാൻ ആവശ്യപ്പെടാം.