നീരൊച്ച നിലച്ച് കുറ്റ്യാടിപുഴയും കൈവഴികളും; മലയോരകൃഷിയും കുടിവെള്ള പദ്ധതിയും അവതാളത്തില്‍


കുറ്റ്യാടി: കടുത്ത വേനലില്‍ വറ്റിവരണ്ട് പുഴകളും അനുബന്ധ നീര്‍ച്ചാലുകളും. കുടിവെള്ള  ദൗര്‍ലഭ്യം മനുഷ്യരെയും പക്ഷിമൃഗാധികളെയും ഒരുപോലെ വലയ്ക്കുകയാണ്.  പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കരിങ്ങാട്, പട്ട്യാട് പുഴകള്‍ സംഗമിക്കുന്ന സ്ഥലമായിട്ടും ജില്ലാ അതിര്‍ത്തി പങ്കിടുന്ന കാവിലും പാറയിലെ  പുന്നക്കയത്തിലെ നീരൊഴുക്ക് നിലച്ച നിലയിലാണ്. കാര്‍ഷിക-കുടിവെള്ളാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ അളവില്‍ വെള്ളം കിട്ടാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കടുത്ത വരള്‍ച്ചാമേഖലകളായ കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ എന്നിവിടങ്ങളില്‍ കാര്‍ഷിക വിളകളും നശിച്ചുതുടങ്ങി. ഈ പ്രദേശങ്ങളില്‍ തെങ്ങ്, കവുങ്ങ്, ഗ്രാമ്പു തുടങ്ങിയവയുടെഉല്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

കൃഷിക്കും കുടിവെള്ളത്തിനുമായി നാട്ടുകാര്‍ പ്രധാനമായും ആശ്രയിക്കുന്ന കുറ്റ്യാടിപുഴയും കൈവഴികളും സമീപത്തെ മറ്റ് നീര്‍ച്ചാലുകളും വറ്റിയത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലേക്കാണ് തള്ളിവിടുന്നത്.കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകരകനാല്‍ തുറക്കാത്തതും കുടിവെള്ള പദ്ധതിയുടെ കിണറുകള്‍ വറ്റിത്തുടങ്ങിയതും ഈ പ്രശ്നത്തിന് ആക്കം കൂട്ടുന്നുണ്ട്.