നാദാപുരത്ത് മൂന്ന് പേർക്ക് കൂടി അഞ്ചാംപനി; വിവിധ ഇടങ്ങളിൽ ഇന്ന് വാക്സിനേഷൻ ക്യാമ്പ്
നാദാപുരം: പഞ്ചായത്തിൽ മൂന്ന് പേർക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കും ഒരു യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. യുവതി വടകര ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്തിലെ ആറ്, ഏഴ്, 19 വാര്‍ഡുകളിലെ എട്ട് കുട്ടികള്‍ക്ക് അഞ്ചാം പനി സ്ഥിരീകരിച്ചിരുന്നു.
കുത്തിവെപ്പെടുക്കാത്തവർക്കാണ് രോഗം ബാധിച്ചത്.
രോഗപ്രതിരോധത്തിനായി വെള്ളിയാഴ്‌ച വിവിധ ഇടങ്ങളിൽ വാക്‌സിനേഷൻ ക്യാമ്പ് ആരംഭിക്കും. സമ്പൂർണ വാക്സിനേഷൻ നടത്താൻ ചിയ്യൂർ ജനസേവന കേന്ദ്രം, പെരുവങ്കര, കല്ലാച്ചി, നാദാപുരം ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. ഡോർ ടു ഡോർ വാക്സിനേഷനും ഏർപ്പാടാക്കിയിട്ടുണ്ട്. പ്രതിരോധ വാക്സിനെടുക്കാത്ത 340 കുട്ടികൾക്ക് പഞ്ചായത്തിലുണ്ട്
ജില്ലാതല ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നാദാപുരം പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇനിയും രോഗികള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാനും യോഗം തീരുമാനിച്ചിരുന്നു. പനി, ദേഹത്ത് പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികള്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കായി എത്തിച്ചേരാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Summary: Three more people have measles in Nadapuram; Vaccination camp today at various places