നടുറോഡില്‍ ബസ് നിര്‍ത്തി സിനിമാസ്റ്റൈലില്‍ ചാടിയിറങ്ങി, പിന്നാലെ പൊരിഞ്ഞ അടി; മാനാഞ്ചിറയില്‍ കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച ബസ് ഡ്രൈവര്‍ക്ക് ‘പണി’ കൊടുത്ത് പോലീസ്


കോഴിക്കോട്: മാനാഞ്ചിറയില്‍ നടുറോഡില്‍ ബസ് നിര്‍ത്തി കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് മോട്ടോര്‍ വാഹന വകുപ്പിന് ശുപാര്‍ശ നല്‍കി. ബസ് ഡ്രൈവര്‍ തിരുവണ്ണൂര്‍ സ്വദേശി ശബരീഷിനെതിരെയാണ് പോലീസ് നടപടിയെടുത്തത്. ബേപ്പൂര്‍ മെഡിക്കല്‍ കോളേജ് റൂട്ടിലോടുന്ന അല്‍ഫ എന്ന ബസിന്റെ ഡ്രൈവറാണ് ഇയാള്‍.

മാനാഞ്ചിറ ബിഇഎം സ്‌ക്കൂളിന് സമീപത്ത് വച്ച് കഴിഞ്ഞ ദിവസമായിരുന്നു ബസ് കാറില്‍ തട്ടിയതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായത്. ബസ് കാറില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയതോടെ ബേപ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ കാര്‍ നിര്‍ത്തി ശബരീഷനോട് കാര്യം പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യല്‍ വാക്കു തര്‍ക്കമായതോടെ ഇയാള്‍ ബസില്‍ നിന്നും ചാടിയിറങ്ങി കാര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു.

പിന്നാലെ സമീപത്തുണ്ടായിരുന്ന യാത്രക്കാര്‍ ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അതിന്‌ വഴങ്ങാതെ വീണ്ടും ദമ്പതികളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ശബരീഷ് മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ദമ്പതികളുടെ മകന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബസ് നിലവില്‍ കസബ പോലീസിന്റെ കസ്റ്റഡിയിലാണ്.