തോന്നിയിടത്ത് തോന്നിയപോലെ വാഹനം നിര്‍ത്തിയാല്‍ പണികിട്ടും; കു​റ്റ്യാ​ടി ടൗ​ണി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ കര്‍ശന നടപടികളുമായി പൊലീസ്


കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ണി​ല്‍ വര്‍ധിച്ചുവരുന്ന അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ നടപടി കര്‍ശനമാക്കി പൊ​ലീ​സ്. പാര്‍ക്കിങ്ങ് നിരോധിത മേഖലകളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ ശക്തമാക്കാനൊരുങ്ങുന്നത്.
നാ​ദാ​പു​രം റോ​ഡി​ൽ ഫോ​റ​സ്റ്റ്​ ഓ​ഫീസ്​ വ​രെ​യും വ​യ​നാ​ട്​ റോ​ഡി​ൽ ബ​സ് സ്​​റ്റോ​പ്​ വ​രെ​യും, കോ​ഴി​ക്കോ​ട്​ റോ​ഡി​ൽ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ വ​രെ​യും മ​രു​തോ​ങ്ക​ര റോ​ഡി​ൽ സി​റാ​ജു​ൽ ഹു​ദ വ​രെ​യും പാ​ർ​ക്കി​ങ്​ പാ​ടി​ല്ലെ​ന്നാ​ണ്​ തീ​രു​മാ​നം. അ​ത്​ ലം​ഘി​ച്ച് പാ​ർ​ക്കി​ങ്​ നി​രോ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പിഴചുമത്തും. ഇ​തി​നി​ട​യി​ല്‍ എവിടെയെങ്കിലും നി​ർ​ത്തേ​ണ്ടിവന്നാല്‍ സ്വ​കാ​ര്യ പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളെ ആശ്രയിക്കണമെന്നാണ്​ പ​ഞ്ചാ​യ​ത്തി​ന്റെ​യും പൊ​ലീ​സി​ന്റെ​യും നി​ർ​ദേ​ശം.
ബ​സു​ക​ൾ സ്റ്റോ​പ്പി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​ത്തി ആ​ളെ ക​യ​റ്റു​ന്ന​തും സ്​​റ്റോ​പ്പി​നു മു​മ്പി​ൽ ബ​സ്​​ബേ​ക​ളി​ൽ ക​യ​റ്റി നി​ർ​ത്താ​ത്ത​തുമെല്ലാം പ്രദേശത്ത് വലിയതോതില്‍ ഗ​താ​ഗ​ത​ക്കു​രു​ക്കിന് കാരണമായി മാറിയിട്ടുണ്ട്. തോന്നിയപോലെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന കുരുക്ക് ടൗ​ണിലെ ട്രാഫിക്ക് സംവിധാനത്തെ മൊത്തത്തില്‍ താറുമാറാക്കിയിട്ടുണ്ട്.
പ്ര​ധാ​ന ജ​ങ്​​ഷ​നു സ​മീ​പം കോ​ഴി​ക്കോ​ട്​ റോ​ഡി​ലെ ക​യ​റ്റ​ത്തി​ൽ ചി​ല ബ​സു​ക​ൾ നി​ർ​ത്തി ആ​ളെ ക​യ​റ്റു​ന്ന​തി​നാ​ൽ പിറകെ വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ട്. ഐ​ഡി​യ​ൽ പ​ബ്ലി​ക്​ സ്കൂ​ളി​ന്​ സ​മീ​പ​ത്തെ ബ​സ്​ സ്​​റ്റോ​പ്പി​നു മു​ന്നി​ൽ ബ​സ്​ നി​ർ​ത്തു​മ്പോ​ൾ പി​ന്നി​ൽ നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ റോ​ഡ് വീ​തി​ക്കൂ​ട്ടി ബ​സ്ബേ നി​ർ​മി​ച്ചിട്ടുണ്ടെങ്കിലും ഇ​വി​ടെ ബ​സു​ക​ൾ നി​ർ​ത്താത്ത സ്ഥിതിയാണ്. ഇതും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാകാന്‍ ഇടയാക്കിയിട്ടുണ്ട്.
അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടികള്‍ കടുപ്പിച്ചാല്‍ ടൗ​ണിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് വലിയ ഒരു പരിധിവരെ പരിഹാരമായേക്കും.