തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി നവജാതശിശു മരിച്ചു; മരണത്തിൽ മനംനൊന്ത് മൂത്തമകനുമായി അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു, സംഭവം തൊടുപുഴയിൽ
തൊടുപുഴ: നവജാത ശിശു മരിച്ചതില്‍ മനംനൊന്ത് അമ്മ മൂത്ത മകനുമായി കിണറ്റില്‍ ചാടി മരിച്ചു. ഇടുക്കി ഉപ്പുതറയിലാണ് കൈതപ്പതാല്‍ സ്വദേശിനി ലിജയും ഏഴുവയസ്സുകാരനായ മകന്‍ ബെന്‍ ടോമും മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുദിവസം മുന്‍പാണ് ലിജയുടെ 28 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് ലിജ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നാണ് കുടുംബം പറയുന്നത്. രണ്ടുവര്‍ഷം മുന്‍പും ലിജയുടെ മറ്റൊരു കുഞ്ഞ് മരിച്ചിരുന്നു.
വീട്ടിലുണ്ടായിരുന്നവര്‍ രാവിലെ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതിനു ശേഷം ലിജ മകനുമൊന്നിച്ച് കിണറ്റില്‍ ചാടിയതാണെന്നാണ് അനുമാനം. തിരിച്ചെത്തിയ വീട്ടുകാര്‍ ലിജയെയും കുട്ടിയെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ ചാടിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.