താമരശ്ശേരിയിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം; കൊയിലാണ്ടി ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ വഴിതിരിഞ്ഞ് പോണം
താമരശ്ശേരി: നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് താമരശ്ശേരിയിൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം. കലുങ്ക്, ഡ്രൈനേജ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാളാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടൗണിന്റെ ഇരു ഭാഗത്തുമുള്ള സ്ഥിര വാഹന പാര്‍ക്കിംഗ്, വഴിയോര കച്ചവടങ്ങള്‍ എന്നിവ പണി പൂര്‍ത്തീകരിക്കുന്നത് വരെ ഒഴിവാക്കും.
കലുങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള ഈ താല്കാലിക ക്രമീകരണങ്ങള്‍ വിജയിപ്പിക്കുന്നതിന് മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്മാന് മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.
കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പരപ്പന്‍പൊയില്‍ നിന്നും തിരിഞ്ഞ് തച്ചംപൊയില്‍ വഴി തിരിഞ്ഞ് പോകണം. കൊയിലാണ്ടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തച്ചംപൊയിലില്‍ നിന്നും തിരിഞ്ഞു പരപ്പന്‍പൊയില്‍ വഴി ദേശീയപാതയില്‍ പ്രവേശിക്കേണ്ടതാണ്.
വയനാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചുങ്കത്ത് നിന്നും മുക്കം റോഡിലേക്ക് തിരിഞ്ഞ് കുടുക്കിലുമ്മാരം – കാരാടി വഴി കോഴിക്കോട് റോഡില്‍ (ദേശീയ പാതയില്‍) പ്രവേശിക്കണം. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ടൗണ്‍ വഴി വയനാട് ഭാഗത്തേക്ക് പോകണം.