താമരശ്ശേരി കട്ടിപ്പാറ ചമല്‍ ഭാഗത്ത് എക്‌സൈസ് റെയ്ഡ്; പത്തുലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍


താമരശ്ശേരി: കട്ടിപ്പാറ ചമല്‍ ഭാഗത്തു നടത്തിയ എക്‌സൈസ് റെയ്ഡില്‍ പത്തുലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍. ചമല്‍ പൂവന്മലയില്‍ അഭിലാഷ് (37), പൂവന്മലവീട്ടില്‍ ഹരീഷ് കുമാര്‍ (47) എന്നിവരെയാണ് താമരശ്ശേരി എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റുചെയ്തത്.

എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ഐ.ബി. യൂണിറ്റ് പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചമല്‍, കേളന്‍മൂല ഭാഗങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് പെരുമ്പള്ളി-കട്ടിപ്പാറ റോഡരികില്‍ ഇരുവരും ചാരായംസഹിതം പിടിയിലായത്.

താമരശ്ശേരി റേഞ്ചിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ കെ.വസന്തന്‍, സി.ഇ.ഒമാരായ സി.ജി ഷാജു, ശ്യാമപ്രസാദ്, ഡ്രൈവര്‍ പി.കെ കൃഷ്ണന്‍ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.