തഹസീൽദാർ വിളിച്ച യോഗവും പരാജയം, ആനപ്പാറ ക്വാറിയിൽ ഖനനം നിർത്തുന്നതുവരെ സമരമെന്നു ആക്ഷൻ കമ്മിറ്റി


കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ ക്വാറിക്കെതിരെ ജനങ്ങൾ നടത്തുന്ന സമരത്തിൽ പ്രശ്ന പരിഹാരത്തിനായി കൊയിലാണ്ടി താഹസിൽദാർ സി.പി.മണി വിളിച്ചു ചേർത്ത യോഗം തീരുമാനമാവതെ പിരിഞ്ഞു. താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ വച്ചു നടന്ന യോഗത്തിൽ ആനപ്പാറ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് പുറമെ കീഴരിയൂരിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

ആഴ്ചയിൽ നാലുദിവസം ക്വാറിയിൽ പാറ പൊട്ടിക്കാമെന്നും സമീപ പ്രദേശത്തെ കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാാരം നൽകാമെന്നുമുള്ള നിർദ്ദേശമാണ് യോഗത്തിൽ കൊയിലാണ്ടി തഹസിൽദാർ സി.പി.മണി മുന്നോട്ടു വച്ചത്. എന്നാൽ സമരസമിതി അംഗങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ല.

കീഴരിയൂരിൻ്റ പരിസ്ഥിതിക്കും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച ആനപ്പാറ ക്വാറി ഖനനം നിർത്തുന്നത് വരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന വാശിയിലാണ് ആനപ്പാറ ആക്ഷൻ കമ്മിറ്റി. പക്ഷെ നിർദ്ദേശങ്ങൾ അംഗീകരിക്കാതെ ക്രമസമാധാന പ്രശ്നങ്ങൾ വന്നാൽ അറസ്റ്റു ഉൾപ്പടെയുള്ള നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കൊയിലാണ്ടി സ്റ്റേഷൻ ഇൻസ്പക്ടർ എൻ.സുനിൽ പറഞ്ഞു.

കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.നിർമല, മണ്ഡലം കോൺസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ടി.രാഘവൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ്റ് ടി.യു.സൈനുദ്ദീൻ, ബിജെപി മണ്ഡലം സെക്രട്ടറി ശബരീനാഥ്, സി പി ഐ പ്രതിനിധി ടി.കെ വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം സുനി, മെംബർമാരായ ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, കെ. ജലജ, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ക്രഷർ മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.