തലവേദനയായിരുന്നു തുടക്കം; ക്യാന്‍സര്‍ തിരിച്ചറിഞ്ഞത് ഒക്ടോബറില്‍: അര്‍ച്ചനയെ അവസാനമായി ഒരുനോക്കു കാണാന്‍ പോലും കഴിയാത്ത ദു:ഖത്തില്‍ നാട്ടുകാര്‍


തിക്കോടി: ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട പുറക്കാട് സ്വദേശി അര്‍ച്ചനയെ അവസാനമായി ഒരു നോക്കു കാണാന്‍ പോലും കഴിയാത്തതിന്റെ ദു:ഖത്തിലാണ് നാട്ടുകാര്‍. വ്യാഴാഴ്ച മൂന്നുമണിയോടെ ചെന്നൈയിലായിരുന്നു അര്‍ച്ചനയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

നാട്ടിലെ പരിപാടികളിലെല്ലാം സജീവമായിരുന്നു അര്‍ച്ചന. ഉയര്‍ന്ന സാമൂഹിക ബോധം പുലര്‍ത്തിയിരുന്ന കുട്ടിയെന്നാണ് പ്രദേശവാസികള്‍ അര്‍ച്ചനയെക്കുറിച്ച് ഒറ്റവാക്കില്‍ പറയുന്നത്. പുസ്തകങ്ങള്‍ വായിക്കാന്‍ വലിയ താല്‍പര്യമാണ്. പുറക്കാട് ലൈബ്രറിയില്‍ പതിവായി വരാറുണ്ടായിരുന്നു. നര്‍ത്തകി കൂടിയായിരുന്നു അര്‍ച്ചന.

മുചുകുന്ന് കോളേജില്‍ ബി.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് രോഗം തിരിച്ചറിയുന്നത്. പഠിക്കുന്ന സമയത്ത് ഇടയ്ക്കിടെ തലവേദന വരാറുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ചെവിയില്‍ നിന്നും സ്രവം വരാന്‍ തുടങ്ങിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ചികിത്സ തേടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമര്‍ സ്ഥിരീകരിക്കുന്നത്.

ചെന്നൈയില്‍ പോസ്റ്റുമാസ്റ്ററായിരുന്നു അര്‍ച്ചനയുടെ മുത്തച്ഛന്‍. വിരമിച്ചശേഷമാണ് നാട്ടില്‍ വന്നത്. അച്ഛന്‍ വാസുവിന്റെ സഹോദരങ്ങളും ബന്ധുക്കളുമെല്ലാം ചെന്നൈയിലുണ്ട്. അതിനാല്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ഒട്ടും വൈകാതെ അടയാറില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍ അര്‍ച്ചനയെ രക്ഷിക്കാനായില്ല.

നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ പുറക്കാട് അനുശോചന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, കാനത്തില്‍ ജമീല എം.എല്‍.എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.