ഡയറ്റിനിടയിലെ മുടികൊഴിച്ചില്‍ ഒരു പ്രശ്‌നമാവുന്നുണ്ടോ? നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം; വിശദമായറിയാം


ശരീരഭാരം കുറയ്ക്കാനായി ഡയറ്റിലേക്ക് മാറുമ്പോള്‍ അതിന്റെ ഭാഗമായി വരാവുന്ന മറ്റ് പ്രശ്‌നങ്ങളെയും അതോടൊപ്പം നിയന്ത്രിക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മുടി കൊഴിച്ചില്‍ നിയന്ത്രിക്കല്‍. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഉറപ്പായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമായിരിക്കും മുടികൊഴിച്ചില്‍. ഇതിന് കാരണം മറ്റൊന്നുമല്ല, ശരീരഭാരം കുറയ്ക്കാനായി ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റം തന്നെയാണ്. ഭക്ഷണം നിയന്ത്രിക്കുമ്പോള്‍ ശരീരത്തിന് അത്യാവശ്യം വേണ്ട ചില കാര്യങ്ങള്‍ ലഭിക്കാതെപോകുന്നതാണ് മുടികൊഴിച്ചിലിന് കാരണമാകുന്നത്.

തടയുന്നതെങ്ങനെ?

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കല്‍ പ്രക്രിയയാണ് മുടികൊഴിച്ചില്‍ തടയാനുള്ള ഒരേയൊരു മാര്‍ഗ്ഗം. ക്രാഷ് ഡയറ്റുകള്‍ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. മുടികൊഴിച്ചില്‍ തടയാനുള്ള ചില എളുപ്പവഴികള്‍ നോക്കാം.

കലോറി പൂര്‍ണ്ണമായും ഉപേക്ഷിക്കരുത്: ശരീരത്തിന്‍ ഊര്‍ജ്ജം വേണമെങ്കില്‍ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നത് സമ്മര്‍ദ്ദവും ക്ഷീണവും അനുഭവപ്പെടാന്‍ ഇടയാക്കും. ഇത് മുടിയുടെ ആരോഗ്യത്തെ കൂടുതല്‍ ബാധിക്കും.

നിയന്ത്രിത ഭക്ഷണരീതികള്‍ വേണ്ട: സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവില്‍ ആവശ്യമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തില്‍ പ്രതിഫലിക്കും.

[miid3]

ക്രാഷ് ഡയറ്റുകള്‍ ഒഴിവാക്കുക: പതിയെ തിന്നാല്‍ പനയും തിന്നാം എന്നല്ലേ, ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിലും ഇക്കാര്യം ഓര്‍ക്കണം. ക്രാഷ് ഡയറ്റുകള്‍ നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങള്‍ സമ്മാനിക്കുമെങ്കിലും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പല പാര്‍ശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം.