ട്രെയിനില്‍ തീവെച്ചത് ഭിഷാടകനായ പ്രസൂണ്‍ജിത്ത് സിക്ദറെന്ന് സൂചന; ചോദ്യം ചെയ്യലിൽ എല്ലാം മാറ്റിപ്പറയുന്നു! അറസ്റ്റ് ഉടൻ
കണ്ണൂര്‍: ട്രെയിനില്‍ തീവെച്ച കേസില്‍ കസ്റ്റഡിയിലുള്ള പ്രതി കൊല്‍ക്കത്ത സ്വദേശിയായ പ്രസൂണ്‍ജിത്ത്
സിക്ദറെന്ന് പോലീസ്. ഭിഷാടകനാണെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. മാസങ്ങളായി കണ്ണൂരിലാണ് ഇയാള്‍ താമസിക്കുന്നത്. ഇതോടെ പ്രസൂണ്‍ജിത്തിന്റെ പശ്ചാത്തലം അറിയാനായി സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തി.
സ്‌റ്റേഷനു സമീപത്തെ ബി.പി.സി.എല്‍ ജീവനക്കാരന്റെ മൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ട്രെയിനില്‍ നിന്നും ലഭിച്ച പത്ത് വിരലടയാളങ്ങളില്‍ നാലിനും പ്രസൂണ്‍ജിത്തിന്റെ വിരലടയാളവുമായി സാമ്യമുണ്ട്. തീവെച്ച ട്രെയിനിന്റെ ജനറല്‍ കോച്ചില്‍ നിന്നും ലഭിച്ച കുപ്പിയിലടക്കം ഇയാളുടെ വിരലടയാളം പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പേരും സ്വദേശവും മാറ്റിപ്പറയുന്നതാണ് അറസ്റ്റ് വൈകാന്‍ കാരണമാവുന്നത്.
ട്രെയിനിനു തീയിട്ട സ്ഥലത്തിന് സമീപത്തായി 3 ഇടങ്ങളില്‍ ഫെബ്രുവരി 13നും തീവെച്ചിരുന്നു. ഇതിനു പിന്നിലും പ്രസൂണ്‍ജിത്താണെന്നാണ് സൂചന. ഭിഷ എടുക്കാന്‍ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് തീവെച്ചത് എന്നാണ് പ്രതി നല്‍കിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് തീവെക്കാന്‍ പ്രകോപനം ഉണ്ടാക്കിയതെന്നും ഇയാള്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്.