ട്രക്കിങ് സാഹസികവും മനോഹരവുമായ ടൂറിസം; എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടത്തിലേക്ക് നയിച്ചേക്കും
യാത്രയെ ഇഷ്ടപ്പെടുന്നവരില്‍ ട്രക്കിങ്, മലകയറ്റം സാഹസിക ടൂറിസം എന്നിവയോടെല്ലാം താല്‍പര്യമുള്ളവര്‍ ഏറെയാണ്. കുന്നുകളിലെയും മലകളിലെയുമെല്ലാം കാഴ്ചകള്‍ മനോഹരമാണെങ്കിലും അതേ പോലെ തന്നെ അപകടം നിറഞ്ഞതുമാണ്. മതിയായ പരിശീലനമോ, ഗൈഡുകളുടെയോ മറ്റോ സഹായമില്ലാതെയുള്ള യാത്രയോ അപകടം ക്ഷണിച്ചുവരുത്തും. അടുത്തിടെ മലമ്പുഴ കുറുമ്പാച്ചിമലയില്‍ ബാബു എന്ന ചെറുപ്പക്കാരന് സംഭവിച്ച കാര്യങ്ങള്‍ നമ്മളെല്ലാം മാധ്യമങ്ങളിലൂടെ കാണുകയും അറിയുകയും ചെയ്തതാണ്. അതിനാല്‍ ഇത്തരം ടൂറിസത്തോട് താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പരിശീലനം ആവശ്യമാണ്
ട്രെക്കിങ് ട്രെയിനിങ് നല്‍കുന്ന നിരവധി കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിനു കീഴിലുള്ള ദേവികുളം അഡ്വവെന്‍ഞ്ചര്‍ അക്കാദമി ട്രെക്കിങ്, പര്‍വ്വതാരോഹണം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കിവരുന്നുണ്ട്. എന്നാല്‍ കോവിഡാനന്തരം ഈ കേന്ദ്രം ഏറെക്കുറെ അടച്ചിട്ടമട്ടാണ്.
വന്യമൃഗങ്ങളുടെ ഭീഷണി
ഇത്തരം യാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ച് വന്യമൃഗങ്ങളെ പേടിച്ച് ഓടി പലയിടത്തും പെട്ടുപോയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് യാത്രയ്ക്ക് മുമ്പ് ആവശ്യമുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന് പറയുന്നത്. യാത്ര തീരുമാനിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും അനുമതി വാങ്ങണം. കാട്ടിലെ ട്രക്കിങ് ആണെങ്കില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതി നിര്‍ബന്ധമാണ്. അങ്ങനെ അനുമതി വാങ്ങി യാത്ര ചെയ്യുകയാണെങ്കില്‍ അവിടെ നിങ്ങള്‍ എന്തെങ്കിലും അപകടത്തില്‍പ്പെട്ടാല്‍ അവര്‍ നിങ്ങളുടെ രക്ഷയ്ക്കുണ്ടാകും. വന്യമൃഗങ്ങളെ ശല്യം ചെയ്യുന്നതും ശബ്ദമുണ്ടാക്കുന്നതും ഫോട്ടോയെടുക്കുന്നതുമെല്ലാം അപകടം ക്ഷണിച്ചുവരുത്തും.
പരിശീലനം ലഭിച്ചവരുടെ സഹായം തേടുക
കാട്ടിലെ ട്രക്കിങ്ങിന് വനംവകുപ്പ് മിക്കപ്പോഴും ഗെയ്ഡിന്റെ സഹായം നല്‍കും. തീര്‍ച്ചയായും അത്തരം സഹായങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക.
സ്ഥലത്തിന്റെ പ്രത്യേകതയും കാലാവസ്ഥയും പഠിക്കുക
ചിലയിടങ്ങളില്‍ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ട്. അത് മുന്നില്‍കണ്ടുള്ള മുന്‍കരുതലുകള്‍ യാത്രികര്‍ എടുക്കേണ്ടതാണ്. പല മലയോര മേഖലയിലും മഴക്കാലത്ത് ഉരുള്‍പ്പൊട്ടല്‍ സാധ്യതയുണ്ടാവും. കടുത്ത വേനല്‍ക്കാലത്ത് കാട്ടിലെ ട്രക്കിങങ്ങില്‍ കാട്ടുതീ ഭീഷണിയുമുണ്ട്. അതിനാല്‍ അനുയോജ്യമായ കാലത്ത് മാത്രം യാത്ര തെരഞ്ഞെടുക്കുക. ഇത്തരം ഇടങ്ങളില്‍ രാത്രി സമയത്ത് യാത്ര പരമാവധി ഒഴിവാക്കുക.
ഒറ്റപ്പെട്ടുപോയാല്‍ എന്ത് ചെയ്യണം?
അത്തരമൊരു സാഹചര്യമുണ്ടായാല്‍ ആദ്യം മനസാന്നിധ്യം കൈവിടാതെ ശാന്തമായി നില്‍ക്കുക. ശേഷം വന്യമൃഗങ്ങളുടെയും മറ്റും ഭീഷണിയില്ലാതെ സുരക്ഷിതമായി നിങ്ങള്‍ വിശ്രമിക്കാന്‍ കഴിയുന്ന ഒരിടം കണ്ടെത്തുക. അതേസമയം തന്നെ എത്തുന്ന ആരും നിങ്ങളെ ശ്രദ്ധിക്കത്തക്കവണ്ണം ശബ്ദമുണ്ടാക്കുക.
ബാഗില്‍ എന്തൊക്കെ കരുതണം?
യാത്ര തിരിയ്ക്കും മുമ്പ് ബാഗില്‍ അത്യാവശ്യത്തിനുള്ള വെള്ളവും ഭക്ഷണ സാധനവും കരുതണം. കൂടാതെ ജാക്കറ്റ്, ട്രക്കിങ് പാന്റ്, ഷൂ, ടോര്‍ച്ച്, പവര്‍ബാങ്ക് എന്നിവയുമുണ്ടായിരിക്കണം. അത്യാവശ്യത്തിന് ഉപകരിക്കുന്ന മരുന്നുകളും കരുതാം.