‘ഞാനില്ലേ ബ്രസീലിന്റെ ആരാധികയാണ്, ഇനിപ്പോ 5 മാർക്ക് പോയാലും വേണ്ടീല മെസ്സിയെ പറ്റി ഞാൻ എയ്‌തൂല”; വെെറലായി മലപ്പുറത്തെ നെയ്മർ ആരാധികയായ നാലാംക്ലാസുകാരിയുടെ ഉത്തരപേപ്പർ


മലപ്പുറം: അതേ, ഞാനില്ലേ ബ്രസീലിന്റെ ആരാധികയാണ്. നെയ്മറിനെ ആണ് എനിക്കിഷ്ടം. അതോണ്ട് മെസ്സിയെ പറ്റി ഞാൻ എഴുതൂല്ല. നാലാം ക്ലാസ് പരീക്ഷാ പേപ്പറിൽ മെസിയെ പറ്റിയുള്ള ചോദ്യത്തിന് മലപ്പുറം ജില്ലയിലെ തിരൂർ പുതുപ്പള്ളി ശാസ്ത എൽ.പി സ്‌കൂളിലെ വിദ്യാർത്ഥി റിസാ ഫാത്തിമ നൽകിയ ഉത്തരമാണിത്. ഉത്തരം എഴുതിയാൽ കിട്ടുന്ന അഞ്ചു മാർക്ക് പോയാലും വേണ്ടില്ല, ഫുട്‌ബോൾ ആരാധനയേക്കാൾ വലുതല്ല അതെന്ന നിലപാടാണ് ഈ കുഞ്ഞു ആരാധിക സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മലപ്പുറം ജില്ലയിലെ ബ്രസീൽ ഫാൻസ് ഈ കുട്ടിയെ ഏറ്റെടുത്തു.

സംസ്ഥാന സ്‌കൂള്‍ പരീക്ഷയില്‍ നാലാം ക്ലാസുകാര്‍ക്കുള്ള മലയാളം ചോദ്യ പേപ്പറിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യം ഉണ്ടായിരുന്നത്. മെസിയുടെ ജനനം, ഫുട്‌ബോള്‍ ജീവിതം, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയായിരുന്നു വികസിപ്പിച്ച് ജീവചരിത്രം തയാറാക്കാനുള്ളതായിരുന്നു ചോദ്യം.

റിസയുടെ ഉത്തരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ നാട്ടിലെ താരമായിരിക്കുകയാണ് വിദ്യാർത്ഥിനി. ബ്രസീല്‍ ഫാന്‍സ് മലപ്പുറം പങ്കുവച്ച പോസ്റ്റ് വായിക്കാം…

“ഇനിപ്പോ 5 മാർക്ക് പോയാലും വേണ്ടീല ഞാൻ എയ്‌തൂല”
നാലാം ക്ലാസിലെ മലയാളം പരീക്ഷയുടെ ചോദ്യ പേപ്പറിൽ മെസ്സിയെ കുറിച്ച് എഴുതാനുള്ള ചോദ്യത്തിന് ഞാൻ ബ്രസീൽ ഫാൻ ആണെന്നും,എനിക്ക് നെയ്മറിനെ ആണിഷ്ടം എന്നും, മെസ്സിയെ കുറിച്ച് എഴുതില്ല എന്നും പറഞ്ഞ തിരൂർ അത്താണിപ്പടി പുതുപ്പള്ളി ശാസ്താ എ എൽ പി സ്കൂളിലെ കൊച്ചു ബ്രസീൽ ആരാധിക റിസ ഫാത്തിമ 😍🇧🇷
സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ നാട്ടിലെ താരമായിരിക്കുകയാണ് റിസ😊👏🏻

SUMMARY: Fourth standard MALAPPURAM student answers question on lionel messi goes viral in social media