ജനം പാലേരിയിലെ നൗഫലിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ചപ്പോള്‍ ഇവാനുവേണ്ടി സമാഹരിച്ചത് പന്ത്രണ്ട് കോടിയോളം; ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്ന് കോഴിക്കോട്ടെത്തിച്ചു, ചികിത്സ നാളെ തുടങ്ങും


പാലേരി: അപൂര്‍വ്വമായ എസ്.എം.എ രോഗം ബാധിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സ നാളെ തുടങ്ങും. ഇവാന്റെ ചികിത്സയ്ക്കാവശ്യമായ സോള്‍ ജെന്‍സ്മ എന്ന ജീന്‍ തെറാപ്പി ഇഞ്ചക്ഷന്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്ന് എത്തിയിട്ടുണ്ട്. ഇവാനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍.

ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ ഒപ്പം നിന്നതുപോലെ ഇനിയുള്ള ദിവങ്ങളില്‍ ഇവാനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളതെന്ന് ഇവാന്റെ അച്ഛന്‍ പാലേരി കല്ലുള്ളതില്‍ നൗഫല്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ‘നാളെ മുതല്‍ ചികിത്സ ആരംഭിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എത്ര ദിവസം നീളുമെന്ന് അറിയില്ല.” അദ്ദേഹം പറഞ്ഞു.

പതിനെട്ടുകോടി രൂപയിലേറെയാണ് ഇവാന്റെ ചികിത്സയ്ക്കായുള്ള മരുന്നിന്റെ ചെലവ്. സുമസുള്ളവരുടെ സഹായത്തോടെ ഇതുവരെ പന്ത്രണ്ട് കോടിയോളം രൂപ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ തുക നല്‍കി, ബാക്കി ഘട്ടം ഘട്ടമായി നല്‍കിയാല്‍ മതിയെന്ന കരാര്‍ ഉണ്ടാക്കിയാണ് മരുന്ന് എത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ ചികിത്സയ്ക്കായി തനിക്കൊപ്പം നിന്ന നാടിനും സഹായവുമായി വന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും തുടര്‍ന്നും ഇവാനൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നൗഫല്‍ പറഞ്ഞു.