ചെമ്പ്രയിലെ ജോയിയുടെ വീട് കുത്തി തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക്‌സ് സാധനങ്ങളും കവര്‍ന്നു; ജാമ്യത്തിലിറങ്ങി മുങ്ങി, ഏഴ് വര്‍ഷത്തിന് ശേഷം പ്രതി ബംഗളൂരുവില്‍ പിടിയില്‍


മാഹി: ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസിലെ പ്രതി ബംഗളൂരുവില്‍ വച്ച് പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി ചെറിയ അഴീക്കല്‍ സ്വദേശി താഴെച്ചാലില്‍ വീട്ടില്‍ ടി.സി. പ്രകാശ് ബാബു എന്ന മുഹമ്മദ് നിയാസ് (43)നെയാണ് മാഹി സി.ഐ എ. ശേഖറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

2015 ജൂണില്‍ ചെമ്പ്രയിലെ ജോയ് എന്നയാളുടെ വീട് കുത്തി തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും ഇലക്ട്രോണിക്‌സ് സാധനങ്ങളും കവര്‍ച്ച നടത്തിയതിന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ജാമ്യമെടുത്ത ശേഷം ഒളിവില്‍ പോകുകയായിരുന്നു. ബംഗളൂരു ബാബുജി നഗറില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏഴു വര്‍ഷമായി കോടതിയില്‍ ഹാജരാവതെ ഇയാള്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടര്‍ന്ന് മാഹി പോലീസ് സൂപ്രണ്ട് രാജശങ്കറിന്റെ നിര്‍ദ്ദേശാനുസരണം നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ക്രൈം സ്വകാഡ് എ.എസ്.ഐമാരായ കിഷോര്‍ കുമാര്‍, പി.വി. പ്രസാദ്, എം. സരോഷ്, ഹെഡ് കോണ്‍സ്റ്റബിള്‍ സി.വി. ശ്രീജേഷ്, സൈബര്‍ സെല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പി. സുജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.