ചങ്ങരംകുളം ചിറവല്ലൂരില്‍ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു


ചങ്ങരംകുളം: ചിറവല്ലൂരില്‍ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചിറവല്ലൂര്‍ മൂപ്പറം സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെ മക്കളായ ജിഷാദ്(8), മുഹമ്മദ്(6) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

വല്ല്യഉപ്പയോടൊപ്പം വീടിന് സമീപത്തുള്ള പാടത്ത് കെട്ടിയിട്ട പശുക്കളെ അഴിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. തുടര്‍ന്ന് തിരിച്ചുവരാന്‍ നേരം നോക്കിയപ്പോള്‍ കുട്ടികളെ കാണാതാവുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കുട്ടികളെ വീടിന് പുറകിലുള്ള കുളത്തില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കുട്ടികളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിറവല്ലൂർ എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാർഥികളാണ് ഇരുവരും. സഹോദരൻ: റിള്‌വാൻ.