കോഴിക്കോട് സ്വകാര്യ ബസിന് മുന്നില്‍ സിഗ് സാഗ് രീതിയില്‍ വണ്ടിയോടിച്ച് യുവാവ്‌; കേസെടുത്ത് പോലീസ്, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും


കോഴിക്കോട്: ടൗണില്‍ സ്വകാര്യ ബസിന് തടസം സൃഷ്ടിച്ച് സ്‌ക്കൂട്ടര്‍ ഓടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കല്ലായി സ്വദേശി ഫര്‍ഹാനെതിരെയാണ് പന്നിയങ്കര പോലീസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് മീഞ്ചന്ത ബൈപാസിലാണ് സംഭവം.

സ്വകാര്യ ബസിന് തടസം സൃഷ്ടിച്ച് മീറ്ററുകളോളമാണ് യുവാവ് സിഗ് സാഗ് (വളഞ്ഞ് പുളഞ്ഞ്) രീതിയില്‍ സ്‌ക്കൂട്ടര്‍ ഓടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ബസ് ഡ്രൈവറും ഇയാളും തമ്മില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും യുവാവ് മദ്യലഹരിയിലായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചുവെന്ന് ആര്‍ടിഒ പറഞ്ഞു.