കൂട്ടാലിടയിൽ ഇനി ഉത്സവ നാളുകൾ; ജില്ലാ കേരളോത്സവ കലാമത്സരങ്ങൾക്ക് ഇന്ന് തുടക്കം


നടുവണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവ കലാ മത്സരങ്ങൾ ഡിസംബർ 9,10, 11 തീയതികളിൽ കൂട്ടാലിടയിൽ നടക്കും.അവിടനല്ലൂർ എൻ.എൻ കക്കാട് സ്മാരക ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ അഞ്ചു വേദികളാണ് ഒരുക്കിയത്. അവിടനല്ലൂർ എ.എൽ. പി സ്കൂളാണ് മറ്റൊരു വേദി.വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുഖ്യ വേദിയിൽ രജിസ്ട്രേഷൻ ആരംഭിക്കും.

9.30ന് കഥ, കവിത കാർട്ടൂൺ, രചന മത്സരങ്ങൾ ആരംഭിക്കും. 11മണിക്ക് പ്രശ്നോത്തരിമത്സരവും 2.30ന് ഉപന്യാസ മത്സരവും നടത്തും. ജെ എസ് എസ് ഗ്രൗണ്ടിലെ വേദിയിൽ ആറുമണി മുതൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി നാടക മത്സരങ്ങൾ തുടങ്ങും. വേദി ഒന്നിൽ പത്തിന് രാവിലെ 9 മണി മുതൽ കഥക് , ഒഡീസി, ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, മോഹിനിയാട്ടം നാടോടി നൃത്തം, സംഘനൃത്തം, തിരുവാതിരക്കളി, മാർഗംകളി എന്നിവ നടക്കും.

വേദി രണ്ടിൽ വള്ളം കളിപ്പാട്ട്, നാടോടിപ്പാട്ട്, കോൽക്കളി, വട്ടപ്പാട്ട്, ഒപ്പന വേദി നാലിൽ കവിതാലാപനം, പ്രസംഗം കഥാപ്രസംഗം എന്നിവയും നടക്കും.

പത്തിന് വൈകിട്ട് 5.30ന് ഘോഷയാത്രയുണ്ടാവും ആറുമണിക്ക് ജെ.എസ്.എസ് ഗ്രൗണ്ടിൽ ഉദ്ഘാടന സമ്മേളനം നടത്തും. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സച്ചിൻദേവ് എംഎൽഎ അധ്യക്ഷനാവും. എം.കെ രാഘവൻ എംപി, കളക്ടർ തേജ് ലോഹിത് റെഡ്ഡി,യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് എന്നിവർ സംബന്ധിക്കും.

11ന് രാവിലെ മുതൽ മോണോ ആക്ട്, മിമിക്രി, മൈനിങ്, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, കർണാട്ടിക് സംഗീതം, ഹിന്ദുസ്ഥാനി വായ്പാട്ട്, ചെണ്ട, ഓട്ടൻതുള്ളൽ, കഥകളി, ഉപകരണ സംഗീതം, മത്സരങ്ങൾ നടക്കും.