കുറ്റ്യാടി ജലസേജന പദ്ധതിയെ കൈവിടാതെ സംസ്ഥാന ബജറ്റ്; കാര്‍ഷിക, കുടിവെള്ള മേഖലയ്ക്ക് ആശ്വാസമായ പദ്ധതിക്കായി അഞ്ച് കോടി രൂപ


കുറ്റ്യാടി: പ്രതിസന്ധികളില്‍ നിന്നും കുറ്റ്യാടി ജലസേജന പദ്ധതിയ്ക്ക മോചനം. 2023 സംസ്ഥാന ബജറ്റില്‍ പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത് 5 കോടി രൂപ. വര്‍ഷങ്ങളായി നവീകരണം കാത്തുകിടക്കുന്ന ഈ മേഖലയ്ക്ക് തുക വലിയ ആശ്വാസമാവും.

പേരാമ്പ്ര, കുറ്റ്യാടി ഉള്‍പ്പെടെ വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കിലെ ഭൂരിഭാരം ജനങ്ങളുടെയും കുടിവെള്ളം, കൃഷി ആവശ്യങ്ങള്‍ക്കായുള്ള പ്രധാന സ്രോതസ്സാണ് കുറ്റ്യാടി ജലസേജന പദ്ധതി. എന്നാല്‍ 50 വര്‍ഷം മുമ്പ് നിര്‍മ്മിച്ച കനാലുകളും ഉപകനാലുകളും പലഭാഗത്തും തകര്‍ന്നു. ചോര്‍ന്നൊലിക്കുന്ന അക്വഡക്ടുകള്‍ അപകടഭീഷണിയിലുമാണ്. ഇതുമൂലം ജില്ലയുടെ പല ഭാഗത്തും വെള്ളമെത്താത്ത സ്ഥിതി വരെ ഉണ്ടാവാറുണ്ട്.

കഴിഞ്ഞ വര്‍ഷവും കനാല്‍ പൊട്ടിയതിനെത്തുടര്‍ന്ന് ജലവിതരണം നിര്‍ത്തിവെക്കേണ്ടി വരുകയുണ്ടായി. വേനല്‍ക്കാലത്ത് ഒരുപാട് ജനങ്ങള്‍ ആശ്രയിക്കുന്ന പദ്ധതിയായതിനാല്‍ തന്നെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാവുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. ഇത്തരം പ്രതിസന്ധികളില്‍ നിന്നും ഒരു പരുതിവരെ കരകയറാന്‍ തുക ഉപകാരപ്രദമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ നവീകരണത്തിന് സംസ്ഥാന ബജറ്റില്‍ മതിയായ തുക വകയിരുത്തണമെന്ന ആവശ്യം നേരത്തെതന്നെ ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയിരുന്ന കനാല്‍ നവീകരണം ഇത്തവണ ഒഴിവാക്കിയതും പ്രതിസന്ധിയായിരുന്നു. എന്നാല്‍ ഇപ്രവാശ്യം ജനുവരി 26 നു കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ 50,000 പേര്‍ സന്നദ്ധ പ്രവര്‍ത്തനം നല്‍കി കനാല്‍ നവീകരിക്കുകയായിരുന്നു.

summary: 5 crore in the 2023 budget for the kuttyadi irrigation project