കുരുന്നുകളാണ്, വേണം പ്രത്യേക കരുതല്‍; വേനല്‍ച്ചൂട്, കുട്ടികളുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ചൂട് കൂടുതലാകുന്ന സാഹചര്യത്തില്‍ അംഗനവാടികളും ഡേകെയര്‍ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.
വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍
1. അംഗനവാടികളിലെ കുട്ടികളെ 10 മുതല്‍ 3.30 വരെയുള്ള സമയത്ത് പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കരുത്.
2. അംഗനവാടിക്കുള്ളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം.
3. വെള്ളം തിളപ്പിച്ചാറ്റിയതാണെന്നും കുട്ടികള്‍ ആവശ്യത്തിന് കുടിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
4. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവ നല്‍കുക.
5.ഭക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണം.
6. ഫാനില്ലാത്ത അംഗനവാടികളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ അവ ലഭ്യമാക്കാന്‍ ശിശുവികസന ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണം.
7. ഇളംനിറമുള്ള അയവുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍, പുറത്തിറങ്ങുമ്പോള്‍ കുട, വെള്ള കോട്ടണ്‍ തൊപ്പി മുതലായവ ഉപയോഗിക്കണം.
8. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം.
9. കെട്ടിടങ്ങളില്‍ ഇഴജന്തുക്കള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തണം.
10.എല്ലാ അംഗനവാടികളിലും ദിശാ നമ്പരും(1056, 104), തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ നമ്പരും പ്രദര്‍ശിപ്പിക്കേണ്ടതാണ്.