കിളികളുമായി ചങ്ങാത്തം കൂടാൻ ഇനി അമ്മാളു അമ്മയില്ല; ഒരു നൂറ്റാണ്ടിന്റെ സ്നേഹം പകർന്ന് യാത്രയായത് നാടിന്റെ അമ്മ
പുറക്കാട്: ഒരു നൂറ്റാണ്ടിന്റെ തന്നെ സാക്ഷി, ഒരു നാടിന്റെ മുഴുവൻ അമ്മ… അങ്ങനെ പുറക്കാട് പുതുക്കുടി അമ്മാളുഅമ്മയ്ക്കു വിശേഷണങ്ങളേറെയായിരുന്നു. നൂറ്റിയാറാം വയസ്സിൽ ഇഹലോക വാസം അവസാനിപ്പിച്ചപ്പോഴും മങ്ങാത്ത ഒരായിരം ഓര്മകളിലാണ് നാട്.
തിക്കോടി പഞ്ചായത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വെറ്റില കർഷയായിരുന്നു അവർ. മനുഷ്യരോടൊപ്പം തന്നെ പക്ഷി മൃഗാദികളോടും സ്നേഹവും വാത്സല്യവും കാണിക്കുന്നതിൽ അമ്മാളുഅമ്മയ്ക്കു യാതൊരു പിശുക്കുമില്ലായിരുന്നു.
കഴിഞ്ഞ രണ്ട് വർഷം മുമ്പ് വരെ തനിക്ക് കഴിക്കാൻ കൊടുക്കുന്ന ഭക്ഷണസാധനങ്ങളിൽ ഒരു പങ്ക് തന്റെ പ്രിയപ്പെട്ട പക്ഷിക്ക് കൂടി കരുതിവെക്കുന്നശീലം അവർക്ക് ഉണ്ടായിരുന്നു. ‘വീഴ്ചപറ്റി അതീവ ക്ഷീണാവസ്ഥയിൽ അമ്മ കിടക്കുമ്പോഴും പതിവുതെറ്റാതെ പക്ഷി ദിവസത്തിൽ പലതവണ എത്തുകയും ഭക്ഷണം ശേഖരിച്ച് പോകുകയും ചെയ്യുമായിരുന്നു.’ അമ്മാളു അമ്മയുടെ മകൻ പറഞ്ഞു.
‘സംസ്കാര ചടങ്ങ് കഴിഞ്ഞശേഷവും ആ പക്ഷി സമീപത്തെ മരക്കൊമ്പിലിരുന്ന് എരിഞ്ഞടങ്ങിയ ചിതയിലേക്ക് നോക്കി നിൽക്കുന്നത് കാണാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്കൃത പണ്ഡിതനും അരിമ്പൂർ തറവാട്ട് കാരണവരുമായ അരിമ്പൂർ രാവുണ്ണി നായരുടെയും പുതുക്കുടി ഉമ്മമ്മഅമ്മയുടെയും മകളാണ്.
സഞ്ചയനം ജനുവരി 27 ന് വ്യാഴം രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടത്തപ്പെടുന്നതാണ്.
[vote]