‘കാലിന് പരിക്കുണ്ടായിരുന്നതിനാല്‍ മുകളിലേക്ക് കയറാന്‍ പറ്റില്ല; താഴെ ഇറങ്ങി സുരക്ഷിതമായി ഇരിക്കുകയെന്നതായിരുന്നു പ്ലാന്‍’ മലയിടുക്കില്‍ കുടുങ്ങിയതിനെക്കുറിച്ച് ബാബു മാധ്യമങ്ങളോട്


പാലക്കാട്: മലയിടുക്കില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ച് ആര്‍. ബാബു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് ബാബു മാധ്യമങ്ങളെ കണ്ടത്.

ബാബുവിന്റെ വാക്കുകള്‍: ‘സുഹൃത്തുക്കളുമായി രാവിലെ പത്തുമണിക്കാണ് മലകയറാന്‍ വേണ്ടി തുടങ്ങിയത്. എന്നാല്‍ പകുതിയെത്തിയപ്പോള്‍ ദാഹിക്കുന്നുവെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ താഴേക്ക് ഇറങ്ങി. ഞാന്‍ മല മുഴുവന്‍ കയറിയിട്ടേ വരുന്നുള്ളൂവെന്ന് പറഞ്ഞ് കയറ്റം തുടര്‍ന്നു. അവര്‍ താഴെയെത്തിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ വഴുതി വീണത്. വീണപ്പോള്‍ അവിടെ തന്നെയിരുന്നു. ഫയര്‍ഫോഴ്‌സ് കാരെ വിളിച്ചു. അവര്‍ വിളിച്ച് എസ്.ഐയെ വിളിച്ച് വിവരം പറഞ്ഞു. മുകളില്‍ തന്നെയുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ കൂട്ടുകാരന് വാട്‌സ്ആപ്പില്‍ ഫോട്ടോ അയച്ചുകൊടുത്തു. ഫോണില്‍ ചാര്‍ജ് ഉണ്ടായിരുന്നില്ല. കാല് ഉളുക്കിയതല്ലേ ഇനി ഇറങ്ങാന്‍ നില്‍ക്കണ്ട, അവിടെ തന്നെ ഇരിക്കൂവെന്ന് ഫയര്‍ഫോഴ്‌സ് നിര്‍ദേശിച്ചു.

ഫയര്‍ഫോഴ്‌സ് അടക്കം എത്തിയപ്പോള്‍ എന്നെ കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. കാലിന് പരിക്കേറ്റതിനാല്‍ മുകളിലേക്ക് കയറാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് താഴെ ഇറങ്ങി സുരക്ഷിതമായി എവിടെയെങ്കിലും ഗ്യാപ്പുണ്ടെങ്കില്‍ അവിടെ ഇരിക്കുകയെന്നതായിരുന്നു എന്റെ പ്ലാന്‍. താങ്ങാന്‍ പറ്റാത്ത ചൂടായിരുന്നു.

രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു. സൈനികര്‍ ഹിന്ദിയിലൊക്കെ സംസാരിക്കുന്നതിന്റെയും മറ്റും ബഹളം കേള്‍ക്കാമായിരുന്നു. മുകളിലോട്ട് പുഷ് ചെയ്ത് കയറാന്‍ പറ്റില്ലായിരുന്നു. അങ്ങനെയാണ് താഴെ ഇരിക്കാന്‍ സൗകര്യമുള്ള കുഴി കണ്ടപ്പോള്‍ അവിടെക്ക് ഇറങ്ങിവന്നത്.

താഴെ നിന്നുള്ള സംസാരങ്ങള്‍ കേള്‍ക്കാന്‍ പറ്റിയിരുന്നു. എന്നാല്‍ ഞാന്‍ സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ടോയെന്ന കാര്യം മനസിലായില്ല. പൊലീസുകാര്‍ വന്നതൊക്കെ മനസിലായിരുന്നു. ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടാന്‍ കഴിയില്ലയെന്നത് അറിയാമായിരുന്നു. പാഡ് ഇട്ടാലും രക്ഷിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയിരുന്നു.

മരണഭയമൊന്നുമുണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ഏറ്റവും അവസാനമുണ്ടായിരുന്ന പൊത്തില്‍ ഇറങ്ങിയെത്തിയത്. പിറ്റേന്ന് എട്ടുമണിവരെ അവിടെ തുടര്‍ന്നു. ചാരി ഇരിക്കാന്‍ കഴിയുന്ന സ്ഥിതിയായിരുന്നു അവിടെ.’

ഇത്തരം യാത്രകള്‍ ഇഷ്ടമുള്ളവര്‍ക്ക് ബാബു ഒരു മുന്നറിയിപ്പു കൂടി നല്‍കുന്നുണ്ട്. ‘ ആരും അനുകരിക്കാന്‍ നില്‍ക്കരുത്. പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി തേടി ട്രെയിനിങ് നേടിയശേഷം എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളോടും കൂടി യാത്ര ചെയ്യണം’