കളമശ്ശേരി സ്‌ഫോടനം; മരണം രണ്ടായി, മരിച്ചത് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി


കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി ആണ് മരിച്ചത്. അന്‍പത്തിമുന്ന് വയസ്സായിരുന്നു. കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് സ്‌ഫോടനത്തെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ഇതോടെ കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഞായറാഴ്ച്ച രാവിലെയോടെയാണ് കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാര്‍ത്ഥനാ യോഗത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.  അതേ സമയം ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

സംഭവത്തില്‍ 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്.