ഒരിക്കല്‍ കൂടി അവരെത്തി ബീനയെ ഒരു നോക്ക് കാണാന്‍, ഈറനണിഞ്ഞ കണ്ണുകളുമായി; പേരാമ്പ്ര സ്റ്റേഷനിലെ എസ്.സി.പി.ഒ ബീനയ്ക്ക് ഔപചാരിക ബഹുമതികളോടെ യാത്രാമൊഴിയേകി സഹപ്രവര്‍ത്തകരും നാട്ടുകാരും


പേരാമ്പ്ര: ഇന്നലെ അന്തരിച്ച പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബീനയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് വൈകുന്നേരം 5.30ഓടെ ചെമ്പനോടയിലെ സ്വന്തം വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം 2.30 ഓടെ മൃതദേഹം പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിനു വെച്ചു. ഉദ്യോഗസ്ഥരും പേരാമ്പ്രയിടെ നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ ബീനയെ അവസാനമായി ഒരു നോക്കുകാണാനെത്തി.

സഹപ്രവര്‍ത്തകയുടെ ജീവനറ്റ ശരീരം കണ്ട് ഉദ്യോഗസ്ഥരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഏറെ സൗമ്യമായ പെരുമാറ്റമായിരുന്നു ബീനയുടേത് അതിനാല്‍ തന്നെ പേരാമ്പ്രയിലെ നാട്ടുകാര്‍ക്കും ഏറെ സുപരിചിതയായിരുന്നു അവര്‍. ബീനയെ അവസാനമായി ഒരുനോക്കുകാണാന്‍ നിരവധിപേരാണ് പലസ്ഥലങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നത്. സ്റ്റേഷനില്‍ നിന്നും അന്തിമോപചാരമര്‍പ്പിച്ച ശേഷം മൃതദേഹം കല്ലോട് കൈപ്രത്തെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയും പൊതുദര്‍ശനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.

ശേഷം ചെമ്പനോടയിലെ ബീനയുടെ സ്വന്തം വീട്ടിലെത്തിച്ചു. അവിടെയും പൊതുദര്‍ശനത്തിനു വെച്ചശേഷം 5.30 ഓടെ സംസ്‌കരിക്കുകയായിരുന്നു.

കല്ലോട് കൈപ്രത്ത് കുന്നമംഗലത്ത് ബീന(46)യെ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് വീടിന്റെ പുറക് വശത്തെ ചായ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് നാല് മണി വരെ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനുണ്ടെന്ന് പറഞ്ഞാണ് സ്റ്റേഷനില്‍ നിന്നിറങ്ങിയത്. ഭര്‍ത്താവിനെ വീഡിയോ കോള്‍ വഴി വിവരമറിയിച്ച ശേഷമാണ് അത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

പൂഴിത്തോട് പരേതനായ കുട്ടികൃഷ്ണന്‍ കിടാവിന്റെയും സരോജനി അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: അരവിന്ദന്‍ (അമൃത യൂണിവേഴ്സിറ്റി, എട്ടി മടൈ, കോയമ്പത്തൂര്‍). മക്കള്‍: ഗൗതം കാര്‍ത്തിക്, ഗഗന്‍ കാര്‍ത്തിക്.