എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെത്തുന്നവര്‍ക്ക് യുണീക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് സ്വന്തമാക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/05/2023)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കും- മന്ത്രി സജി ചെറിയാന്
മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്. എലത്തൂര്‍ മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യവിപണന രംഗത്ത് വനിതകള്‍ക്ക് ഇടപെടാനുള്ള അവസരം ഒരുക്കും. മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മ്മാണത്തിനുള്ള പദ്ധതി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി തൊഴില്‍ മേളകളും, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഇടപെടലുകളും നടത്തും. നിലവില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണ എഞ്ചിനുകള്‍ മാറ്റി അവയ്ക്ക് പകരം പെട്രോളിലും ഡീസലിലും എല്‍.പി.ജിയിലും പ്രവര്‍ത്തിപ്പിക്കുന്നവ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കടലില്‍ പോയി ഏത് സാഹചര്യത്തില്‍ മരണപ്പെട്ടാലും ആ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തിര ധനസഹായമായി നല്‍കും. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വനം വന്യജീവി സംരക്ഷണ വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. തീരദേശ വികസനത്തിനായി നിരവധി പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കാലതാമസം പരിഹരിച്ച് ത്വരിതഗതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ മാസം കഴിയുമ്പോഴേക്കും നിരവധി പേരുടെ പ്രശ്നങ്ങള്‍ക്ക് വിവിധ അദാലത്തുകളിലൂടെ പരിഹാരം നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു. 123 പരാതികളാണ് എലത്തൂര്‍ മണ്ഡലത്തിലെ തീരസദസ്സില്‍ പരിഗണിച്ചത്.
മണ്ഡലം തീര സദസ്സിന് മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും ചര്‍ച്ച നടന്നു. തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുകയും പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുകയും ചെയ്യുന്ന മണ്ഡലമാണ് എലത്തൂര്‍. കോരപ്പുഴ ഡ്രഡ്ജിംഗ്, കുടിവെള്ള പ്രശ്നം, കടല്‍ഭിത്തി നവീകരണം, മാലിന്യപ്രശ്നം, സി.ആര്.സെഡ് എന്നിവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് മന്ത്രി ഉറപ്പുനല്‍കി. ബോട്ട് റിപ്പയറിംഗ് യാര്‍ഡ് സ്ഥാപിക്കുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ്, കൗണ്‍സിലര്‍മാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കൗണ്‍സിലര്‍ വി.കെ മോഹന്‍ദാസ് സ്വാഗതവും ഫിഷറീസ് ഉത്തരമേഖല ജോയിന്റ് ഡയറക്ടര്‍ ആര്. അമ്പിളി നന്ദിയും പറഞ്ഞു.
രജിസ്ട്രേഷന് വകുപ്പ് പൂര്‍ണ്ണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് – മന്ത്രി വി.എന്‍ വാസവന്
രജിസ്ട്രേഷന് വകുപ്പില്‍ പൂര്‍ണ്ണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറുമെന്ന് സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഴിക്കോട് രജിസ്ട്രേഷന് കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന്നും രജിസ്റ്റര്‍ ചെയ്യുന്ന ദിവസം തന്നെ ആധാരം ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. പോക്കുവരവ്, ആധാരം രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ ലഭ്യമാക്കുന്നതിനായി റവന്യൂ വകുപ്പുമായി ധാരണയായിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഇത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദന കര്‍മ്മം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പൊതുജനങ്ങള്‍ക്ക് സഹായകരമായ പ്രവര്‍ത്തന രീതിയാണ് രജിസ്ട്രേഷന് വകുപ്പ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്നരനൂറ്റാണ്ട് കാലമായി വിലമതിക്കാനാവാത്ത രേഖകള്‍ സംരക്ഷിച്ച് കൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നതോടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമതയോടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഫ്ബിയുടെ സഹായത്തോടെ രജിസ്ട്രേഷന് വകുപ്പില്‍ നടപ്പിലാക്കിയ കെട്ടിട നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.76 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യത്തോടെയാണ് കോഴിക്കോട് രജിസ്ട്രേഷന് കോംപ്ലക്സിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജനറല്‍, ഓഡിറ്റ് ജില്ലാ രജിസ്ട്രാര്‍മാര്‍, ഉത്തരമേഖല രജിസ്ട്രേഷന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍, ചിട്ടി ഓഡിറ്റ് ഓഫീസുകള്‍ എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.
കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കെ.എസ്.സി.സി ജനറല്‍ മാനേജര്‍ രമ പി.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരാസൂത്രണം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി, കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആധാരമെഴുത്ത് സംഘടനാ പ്രതിനിധി എന്നിവര്‍ സംസാരിച്ചു. ജില്ലാ രജിസ്ട്രാര്‍ കെ ശ്രീനിവാസന് സ്വാഗതവും കോഴിക്കോട് സബ് രജിസ്ട്രാര്‍ മുരളീധരന് എം നന്ദിയും പറഞ്ഞു.
തീരദേശ സ്കൂളുകള്‍ ഹൈടെക് ആയി മാറുന്നു – മന്ത്രി സജി ചെറിയാന്
പുതിയാപ്പ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
തീരദേശ സ്കൂളുകള്‍ ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്. പുതിയാപ്പ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പത്തര ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതിയതായി സ്കൂളിലേക്ക് പ്രവേശനം നേടിയതായി മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളെ സര്‍ക്കാര്‍ സൗജന്യമായി പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇത്തരത്തില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് മുഖേന 158.19 ലക്ഷം രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പുതിയാപ്പ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ്, കൗണ്‍സിലര്‍മാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ സുധീര്‍ കിഷന്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, പ്രിന്‍സിപ്പല്‍ നവാസ് സി.കെ, ഹെഡ്മാസ്റ്റര് സഫിയ കെ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അന്തരിച്ച ചലച്ചിത്ര നടന് മാമുക്കോയയുടെ വീട് മന്ത്രി സജി ചെറിയാന് സന്ദര്‍ശിച്ചു
അന്തരിച്ച പ്രശസ്ത നടന് മാമുക്കോയയുടെ വീട് മത്സ്യബന്ധന- സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് സന്ദര്‍ശിച്ചു. ബേപ്പൂര്‍ അരക്കിണറിലുള്ള വീട്ടിലെത്തിയ മന്ത്രി മാമുക്കോയയുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് അനുശോചനം അറിയിച്ചു. കൗണ്‍സിലര്‍ കൊല്ലരത്ത് സുരേഷന്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തൊഴില്‍ അന്വേഷകര്‍ക്ക് സഹായവുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
എന്റെ കേരളം പ്രദര്‍ശന മേളയില്‍
തൊഴില്‍ അന്വേഷകര്‍ക്ക് സഹായവുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. ഉദ്യോഗാര്‍ഥികള്‍ക്കായി രജിസ്ട്രേഷന് സൗകര്യം ഒരുക്കിയും രജിസ്ട്രേഷന് നഷ്ടപെട്ടവര്‍ക്ക് പുതുക്കാന്‍ അവസരം നല്‍കിയും വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങള്‍ സംഘടിപ്പിച്ചുമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ബീച്ചില്‍ നടക്കുന്ന മേളയില്‍ എത്തുന്നവര്‍ക്ക് സഹായം നല്‍കുന്നത്.
പുതുതായി രജിസ്റ്റര്‍ ചെയ്യുക, രേഖകള്‍ അപ്ലോഡ് ചെയ്യുക തുടങ്ങി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ലഭ്യമാകുന്ന സേവനങ്ങളെല്ലാം തന്നെ സ്റ്റാളില്‍ ലഭ്യമാക്കുന്നുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും സ്റ്റാളിലുണ്ട്. ഇതിന് സാധാരണയായി ഈടാക്കുന്ന ഫീസ് 250 രൂപയാണ് . എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷനിലെ മറ്റു സേവനങ്ങള്‍ക്ക് ഫീസുകളൊന്നും ഈടാക്കുന്നില്ല. വിവിധ കോഴ്സുകള്‍, സ്കോളര്‍ഷിപ്പുകള്‍, വായ്പകള്‍, തൊഴിലവസരങ്ങള്‍ എന്നിവയെപ്പറ്റി കൃത്യമായ ബോധവത്കരണവും സ്റ്റാളുകളില്‍ നിന്നും നല്‍കുന്നുണ്ട്. കൂടാതെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ കൂട്ടായ്മകളായ ശരണ്യ, കൈവല്യ ഭാഗമായി നിര്‍മ്മിച്ച വിവിധ ഉത്പന്നങ്ങളുടെ വിപണനവും ഒരുക്കിയിട്ടുണ്ട്.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റര്‍ വഴി തൊഴില്‍ അഭിമുഖത്തിനുള്ള അവസരവും ഒരുക്കുന്നുണ്ട്. ആറോളം സ്വകാര്യ സ്ഥാപനങ്ങളിലെ 200 ഒഴിവുകളിലേക്ക് മേളയുടെ സമാപന ദിവസമായ മെയ് 1 8 ന് ഇന്റര്‍വ്യൂ നടക്കും. സെമിനാര്‍ ഹാളിലാണ് ഇന്റര്‍വ്യൂ നടക്കുക. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
മേളയിലെ എംപ്ലോയ്മെന്റ് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.
ഫാം ടൂറിസത്തെ അടുത്തറിയാം: കര്‍ഷക ക്ഷേമവകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു
കാര്‍ഷിക മേഖലക്ക് മുതല്‍ക്കൂട്ടാവുന്ന ഫാം ടൂറിസത്തെക്കുറിച്ചറിയാം കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പാണ് സ്റ്റാള്‍ ഒരുക്കിയത്. ഓരോ കുടുംബത്തിനും ഒരു പച്ചക്കറി തോട്ടം എന്ന ലക്ഷ്യത്തോടെ തുള്ളിനന കൃഷിയുടെ മാതൃകയും സ്റ്റാളില്‍ സജ്ജമാക്കിയിട്ടുണ്ട്.
കൃഷിയും ടൂറിസത്തിന്റെ അനന്തസാധ്യതകളും ഉപയോഗപ്പെടുത്തുന്നതാണ് ഫാം ടൂറിസം. പരമ്പരാഗത കൃഷിമുറകള്‍, ശാസ്ത്രീയ കൃഷി അറിവുകള്‍ എന്നിവ കാണാനും അറിയാനും നൂതന സംരഭങ്ങള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവ പരിചയപ്പെടാനും ഫാം ടൂറിസം സഹായകരമാവും.
കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് നല്കുന്ന വിവിധ സേവനങ്ങളെക്കുറിച്ചും ഇവിടെ നിന്ന് മനസിലാക്കാം. ഫാം ടൂറിസത്തിന്റെ മാതൃകക്കൊപ്പം ഫോട്ടോ എടുക്കാനും സൗകര്യമുണ്ട്. കാര്‍ഷിക സംബന്ധമായ വിവിധ സേവനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃഷിരീതികളെ കുറിച്ചു വിവരിക്കുന്ന ലീഫ് ലെറ്റുകളും ബുക്ക്ലെറ്റുകളും സൗജന്യമായി ഇവിടെനിന്നും ലഭിക്കുന്നു.
കാര്‍ഷിക ഡ്രോണ്‍ കാണാനും പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനും സ്റ്റാള്‍ സഹായകമാവും. വിവിധയിനം തേങ്ങകള്‍, തൈകള്‍, വിത്തുകള്‍ എന്നിവയെക്കുറിച്ചും മനസിലാക്കാം. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി വിവിധയിനം ചെറുധാന്യങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വകുപ്പിന് കീഴില്‍ വിവിധ സംരംഭങ്ങളിലായി ഉത്പാപദിപ്പിച്ച വിവിധ ഉത്പന്നങ്ങള്‍ വാണിജ്യ സ്റ്റാളിലുണ്ട്.
നൈപുണ്യ വികസനത്തിലൂടെ മികച്ച ജോലി നേടാം, അവസരങ്ങളുടെ വാതില്‍ തുറന്ന് അസാപ്
പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞ് ഇനിയെന്ത് പഠിക്കുമെന്ന ആശയക്കുഴപ്പത്തിലാണോ? ആശങ്ക വേണ്ട, നിങ്ങള്‍ക്ക് കൂട്ടായി അസാപുണ്ട്. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ തിരക്കേറിയ സ്റ്റാളായി അസാപ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കമ്പനിയായ അസാപാണ് നൈപുണ്യവികസനത്തിനായി നല്കുന്ന വിവിധ കോഴ്സുകള്‍ പരിചയപ്പെടുത്തുന്നത്.
അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (ASAP) കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഒരു സംരംഭമാണ്. വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും അവരുടെ തൊഴില്‍ക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള കഴിവുകള്‍ പരിശീലിപ്പിക്കുന്നതിനാണ് അസാപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോഴ്സുകളുടെ ആവശ്യകതയും ഇന്‍ഡസ്ട്രി ഡിമാന്റും മനസിലാക്കിക്കൊണ്ടുള്ള ഒരു സ്കില്‍ എക്കോസിസ്റ്റമാണ് അസാപിനുള്ളത്. സ്കൂളുകള്‍, കോളേജുകള്‍, പോളിടെക്നിക്കുകള്, സ്കില്‍ പാര്‍ക്കുകള്‍, പരിശീലന ദാതാക്കള്‍, വ്യവസായ സംരംഭങ്ങള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടനയാണ് അസാപിന്റേത്.
ഐടി, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, ഭാഷാ പഠനം, മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ് തുടങ്ങി 19 തോളം വിഭാഗങ്ങളിലായി 150 ല്‍ പരം കോഴ്സുകള്‍ അസാപിലൂടെ നല്‍കുന്നുണ്ട്. കോഴ്സുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ വൈദഗ്ധ്യം കൈവരിക്കാനും മെച്ചപ്പെട്ട തൊഴില്‍ നേടാനും മികച്ചഭാവി സൃഷ്ടിക്കാനും സാധിക്കും. കോഴ്സുകള്‍ക്കൊപ്പം ഇന്റേണ്‍ഷിപ്പിനും പ്രശസ്ത സ്ഥാപനങ്ങളില്‍ പ്ലേസ്മെന്റിനുള്ള അവസരവും അസാപ് ഒരുക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അസാപിലൂടെ തൊഴില്‍ മേഖലയില്‍ വൈദഗ്ദ്യം നേടി മികച്ച തൊഴില്‍ സ്വന്തമാക്കിയത്
കോഴിക്കോട് ജില്ലയിലെ അസാപ് സെന്ററുകള്‍ക്കു കീഴില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും കോഴ്സുകളിലേക്ക് പ്രവേശനം നേടാവുന്നതാണ്. ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് ട്രെയിനര്‍ ആകുവാന്‍ കഴിയുന്ന എന്‍.എസ്.ക്യൂ.എഫ് ലെവല്‍ 6 കോഴ്സ്, ഐ.ഇ.എല്‍.ടി.എസ് അക്കാദമിക് പരിശീലനം, ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (OET), എന്റോല്ഡ് ഏജന്റ്, തുടങ്ങി വിവിധങ്ങളായ തൊഴില്‍ സാധ്യതകളുള്ള കോഴ്സുകളാണ് അസാപ് നല്‍കുന്നത്. വിദേശരാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് ജര്‍മന്‍, ജാപ്പനീസ്, ഫ്രഞ്ച് ഭാഷകളുടെ ഓണ്‍ലൈന്‍ പഠനത്തിന് അവസരവുമുണ്ടിവിടെ. കൂടുതല്‍ വിവരങ്ങള്‍ക്കായി asapkerala.gov. in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെത്തുന്നവര്‍ക്ക് യുണീക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് സ്വന്തമാക്കാം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ വിവിധ പരിശോധനകള്‍ക്ക് എത്തുന്നവരെ കാത്തിരിക്കുന്നത് നിരവധി സൗജന്യ സേവനങ്ങളാണ്.
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ കീഴില്‍ ഇ-ഹെല്‍ത്ത് കേരളയുടെ ഭാഗമായി സൗജന്യമായി നല്കുന്ന യുണീക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് മേളയില്‍ നിന്ന് സ്വന്തമാക്കാം. പേര് വിവരങ്ങള്‍, ഇതുവരെ നടത്തിയിട്ടുള്ള പരിശോധനകളുടെ വിവരങ്ങള്‍, രോഗങ്ങളുടെ വിവരങ്ങള്‍, ഡോക്ടര്‍മാരെ സന്ദര്‍ശിച്ചതിന്റെ വിവരങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഈ കാര്‍ഡില്‍ ഉള്‍പ്പെടും. ഒരാള്‍ക്ക് ചികിത്സ ആവശ്യമായി വരുമ്പോള്‍ ചികിത്സക്ക് മുമ്പ് തന്നെ ആ വ്യക്തിയുടെ രോഗ ചരിത്രത്തെ കുറിച്ചും ആരോഗ്യസ്ഥിതിയെ കുറിച്ചും അറിയാന്‍ ഈ സംവിധാനം സഹായകരമാണ്.
ആരോഗ്യവകുപ്പിന്റെ സ്റ്റാളില്‍ ‘വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധനയും നടക്കുന്നുണ്ട്. ഇവിടെ 14നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ രക്തത്തിലെ ഹീമഗ്ലോബിന്റെ അളവ് സൗജന്യമായി പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഷുഗര്‍, പ്രഷര്‍, ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ) എന്നിവയുടെ പരിശോധനയും നടത്തും. ആരോഗ്യ പ്രശ്നമുള്ളവരോട് അടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്.
ആരോഗ്യ രംഗത്തെ ക്ഷേമപദ്ധതികള്‍, സേവനങ്ങള്‍, വാക്സിനേഷന് ബോധവത്കരണം, ആരോഗ്യ ഇന്‍ഷുറന്‍സ്, ആര്‍ദ്രം മിഷന് എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങളും സ്റ്റാളിലുണ്ട്. ദന്ത സംരക്ഷണം, എലിപ്പനി, നേത്രരോഗം, വയറിളക്കം, നിപ വൈറസ് ബാധ സംബന്ധിച്ച മുന്‍കരുതലുകള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ വിതരണം ചെയ്യുന്നുണ്ട്. പ്രദര്‍ശന നഗരിയിലെത്തുന്നവര്‍ക്ക് അവശ്യംവേണ്ട ആംബുലന്‍സ്, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയവയും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
വ്യത്യസ്ത സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് ഒരുക്കി എന്റെ കേരളം പ്രദര്‍ശന വിപണനമേള
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് ജനകീയ മുഖം പകര്‍ന്ന് നിരവധി സൗജന്യ സേവനങ്ങള്‍.
അരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ കീഴില്‍ ഒരുക്കിയിട്ടുള്ള ആരോഗ്യ സേവനങ്ങള്‍ വഴി 15നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ രക്തത്തിലെ ഹീമഗ്ലോബിന്റെ അളവ് സൗജന്യമായി പരിശോധിക്കുകയും സാധാരണ അളവില്‍ കുറവുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം ജീവിതശൈലീ രോഗനിര്‍ണയം നടത്തുകയും ചെയ്യുന്നു.
ഇ ഹെല്‍ത്ത് കേരളയുടെ ഭാഗമായി സൗജന്യ യൂണിക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ കാര്‍ഡും മേളയില്‍ നിന്നും സ്വന്തമാക്കാം. ഇത് കൂടാതെ ഷുഗര്‍, പ്രഷര്‍, ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ) എന്നിവയുടെ സൗജന്യ പരിശോധനയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
അക്ഷയ ഇ സെന്ററില്‍ എല്ലാ സേവനങ്ങളും സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയാണ് ലഭ്യമാക്കുന്നത്. മേളയില്‍ എത്തുന്ന പൊതുജനങ്ങള്‍ക് ആധാര്‍ റെജിസ്ട്രേഷന്, ആധാര്‍ പുതുക്കല്‍, നികുതി അടവ്, കറണ്ട് ബില്ല് അടക്കല്‍, റേഷന്‍ കാര്‍ഡിലെ തിരുത്തലുകള്‍ തുടങ്ങിയ അക്ഷയ കേന്ദ്രം വഴിയുള്ള എല്ലാ സേവനങ്ങളെല്ലാം തികച്ചും സൗജന്യമാണ്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ എംപ്ലോയ്മെന്റ് റജിസ്ട്രേഷന് സൗകര്യവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒരുക്കിയിട്ടുണ്ട്. മേളയിലെത്തുന്ന പത്താം ക്ലാസ്, പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ കരിയര്‍ കൗണ്‍സിലിങ് സേവനം പ്രയോജനപ്പെടുത്തിയാണ് മടങ്ങുന്നത്.
തൊഴിലന്വേഷകര്‍ക്കായി കെ ഡിസ്ക്, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ നിരവധി സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്.
പഞ്ചായത്ത് മുഖേനയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം തൊഴിലുറപ്പ് പ്രവര്‍ത്തിക്കുള്ള ജോബ് കാര്‍ഡ് സൗജന്യ സ്പോട് റജിസ്ട്രേഷന് സൗകര്യം നല്കി തദ്ദേശ സ്വയംഭരണ വകുപ്പും സജീവമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി നിരവധി കോഴ്സുകളിലേക്കുള്ള അഡ്മിഷന് സഹായം നല്കി കൊണ്ട് കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റാളും മേളയിലുണ്ട്. സൗജന്യ നിയമ സേവനങ്ങളും, പൊതുജനങ്ങള്‍ക്ക് നിയമങ്ങള്‍ സംബന്ധിച്ച ബോധവത്കരണവും നിയമസേവന അതോറിറ്റിയുടെ സ്റ്റാളിലൂടെ നല്കുന്നു.
വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ മെയ് 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇത്തരത്തിലുള്ള നിരവധി സൗജന്യ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
എന്റെ കേരളം പ്രദര്‍ശന വിപണന മേള; ശ്രദ്ധേയമായി സഹകരണ വകുപ്പിന്റെ സ്റ്റാള്‍
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാണാനെത്തുന്നവരുടെ ശ്രദ്ധയാകര്‍ഷിച്ച് സഹകരണ വകുപ്പിന്റെ സ്റ്റാള്‍. സഹകരണ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചുള്ള വിവരണങ്ങള്‍ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സഹകരണ സംഘങ്ങള്‍ മുഖേന നിര്‍മ്മിച്ച വിവിധ ഉല്പന്നങ്ങളുടെ വില്‍പ്പനയും ഉണ്ട്.
സൂക്ഷ്മ ഗ്രാമീണ വായ്പ പദ്ധതികളുടെ സഹകരണ മാതൃകയായ’ മുറ്റത്തെ മുല്ല’ പദ്ധതിയുടെ വിശദാംശങ്ങള്‍, കേരള ബാങ്ക്, അശരണരായ സഹകാരികള്‍ക്കുള്ള സഹായ പദ്ധതിയുടെ വിശദാംശങ്ങള്‍ എന്നിവയും സഹകരണ വകുപ്പിന്റെ സ്റ്റാളില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ സംരംഭങ്ങളെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
സ്വാദിഷ്ടമായ മില്‍മ ഉല്‍പ്പന്നങ്ങളും, ശുദ്ധമായ വെളിച്ചെണ്ണയും, വിലങ്ങാട് പട്ടികവര്‍ഗ്ഗ സര്‍വീസ് സഹകരണ സംഘത്തിന്റെ വനമാലിക ഇക്കോ ഷോപ്പ് ഉല്‍പ്പന്നങ്ങളും വാങ്ങാനുള്ള സൗകര്യവും സ്റ്റാളില്‍ ഉണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കിയ ജനകീയ പദ്ധതികളെ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പ്രദര്‍ശന സ്റ്റാളിലൂടെ ലക്ഷ്യമിടുന്നത്.
കുന്ദമംഗലം മണ്ഡലത്തില്‍ 10 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ 4 പ്രവൃത്തികള്‍ക്കായി 10 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ചാത്തമംഗലം ചെട്ടിക്കടവ് റോഡ് 3 കോടി, പന്തീരങ്കാവ് മണക്കടവ് റോഡ് 2.5 കോടി, ചാത്തമംഗലം കൂഴക്കോട് വെള്ളന്നൂര്‍ കണ്ണിപറമ്പ് റോഡ് 3.5 കോടി, പെരിങ്ങളം ടൗണ്‍ നവീകരണം സ്ഥലമേറ്റെടുക്കല്‍ 1 കോടി എന്നീ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചിട്ടുളളത്.
പ്രദര്‍ശന വിപണന മേളയ്ക്ക് ഊര്‍ജം പകര്‍ന്ന് കെ.എസ്.ഇ.ബി
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശനമേളയില്‍ കെ.എസ്.ഇ.ബി ഒരുക്കിയ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. ഭാവി തലമുറയ്ക്കായി കെ.എസ്.ഇ.ബി മുന്നോട്ടു വയ്ക്കുന്ന ഗ്രീന്‍ സിറ്റിയുടെ ചെറുമാതൃകയാണ് സ്റ്റാളിലെ പ്രധാന ആകര്‍ഷണം. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് സ്കൂട്ടറും പോള്‍മൗണ്ട് ചാര്‍ജ്ജിങ് സ്റ്റേഷനും ഇവിടെയുണ്ട്.
വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കല്‍, പുരപ്പുറ സൗരോര്‍ജ്ജ നിലയം, വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും ഇവിടെനിന്നറിയാം. പൂര്‍ണ സുരക്ഷാ ക്രമീകരണങ്ങളോടെ ലൈന്‍ മാന്‍ മാതൃകയും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും വകുപ്പ് നല്‍കും.
കൗതുകമുണര്‍ത്തി മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാള്‍
ഫോര്‍മാലിനില്‍ കേടു കൂടാതെ സൂക്ഷിച്ച കന്നുകുട്ടിയുടെയും ആട്ടിന്കുട്ടിയുടെയും ഭ്രൂണങ്ങള്‍ നേരിട്ട് കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ ഗ്ലാസ് ജാറില്‍ സൂക്ഷിച്ച ഭ്രൂണങ്ങളാണ് അത്ഭുതമാവുന്നത്. സ്റ്റാളിന് മുന്നിലായാണ് കുപ്പികള്‍ ഒരുക്കിയിരിക്കുന്നത്.
കാഴ്ചക്കാരില്‍ ഒരേ സമയം ഭയവും ജിജ്ഞാസയും ജനിപ്പിക്കുന്നുണ്ട് ഈ കാഴ്ച. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൃഗങ്ങള്‍ക്കുണ്ടാവുന്ന വിവിധ അസുഖങ്ങള്‍, ചികിത്സാ രീതികള്‍ തുടങ്ങിയ വിവരങ്ങളും സ്റ്റാളില്‍ നിന്നറിയാം.
രണ്ട്, നാല്, അഞ്ച്, ആറ് മാസങ്ങളിലായി ഗര്‍ഭാവസ്ഥയില്‍ ഉള്ള ഭൂണങ്ങള്‍ കാണാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധിപേരാണ് എത്തുന്നത്. അധികമൊന്നും കണ്ട് പരിചയമില്ലാത്ത ഇത്തരത്തിലുള്ള നിരവധി കാഴ്ചകളാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലുള്ളത്.
ഉത്പന്ന വൈവിധ്യങ്ങളാല്‍ മനം കവര്‍ന്നു കുടുംബശ്രീ സ്റ്റാളുകള്‍
ഉത്പന്ന വൈവിധ്യത്താലും ആകര്‍ഷണീയതയാലും സന്ദര്‍ശക പ്രശംസ പിടിച്ചുപറ്റി കുടുംബശ്രീ സ്റ്റാളുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ ഉല്പന്ന വിപണന സ്റ്റാളുകള്‍ മേളയുടെ മാറ്റു കൂട്ടുന്നു.
ജില്ലയിലെ വിവിധ യുണിറ്റുകളില്‍ നിന്നുള്ള സ്വയം തൊഴില്‍ സംരംഭകരാണ് കുടുംബശ്രീ സ്റ്റാളില്‍ വിപണനം നടത്തുന്നത്.
മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി മുതലായ കറി പൗഡറുകള്‍, അരിയുണ്ട, മുറുക്ക്, പക്കാവട, മിക്സ്ചര്‍ മുതലായ ബേക്കറി ഉല്‍പ്പന്നങ്ങള്‍, ചോക്ലേറ്റുകള്‍, എന്നിങ്ങനെ അണിനിരക്കുകയാണ് വിഭവങ്ങള്‍. മായം ചേര്‍ക്കാത്ത ഉത്പന്നങ്ങള്‍ ആയതിനാല്‍ വാങ്ങാനും നിരവധി ആളുകളാണ് എത്തുന്നത്. ചുരിദാര്‍, നൈറ്റി മുതലായ തുണിത്തരങ്ങളുടെ വൈവിധ്യംതന്നെ ഇവിടെ ഉണ്ട്.
നൂറിലധികം ഉത്പന്നങ്ങള്‍ മിതമായ വിലയില്‍ കുടുംബശ്രീ സ്റ്റാളുകളില്‍ ലഭ്യമാക്കുന്നു. അതുകൊണ്ടുതന്നെ ഈ സ്റ്റാളുകള്‍ക്ക് മുന്നില്‍ ഏറെ തിരക്കും അനുഭവപ്പെടുന്നുണ്ട്.
സംരംഭകര്‍ക്ക് കരുത്തേകി വനിതാ വികസന കോര്പറേഷന് സ്റ്റാള്‍
വളയിട്ട കൈകളില്‍ വിരിഞ്ഞ കരകൗശല വസ്തുക്കള്‍ കാണാനും വാങ്ങാനും അവസരമൊരുക്കുകയാണ് വനിതാ വികസന കോര്‍പറേഷന്റെ സ്റ്റാള്‍. കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച വിവിധ വസ്തുക്കള്‍ മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് സ്റ്റാളിലൂടെ. അലങ്കാര വസ്തുക്കള്‍, ആഭരണങ്ങള്‍, അലങ്കാര വിളക്കുകള്‍, ചെറിയ മണ്‍പാത്രങ്ങള്‍ തുടങ്ങിയ വിവിധയിനം വസ്തുക്കള്‍ സ്റ്റാളില്‍ ഉണ്ട്.
വനിതകളെ സാമ്പത്തിക സ്വാശ്രയത്തിന്റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്കുയര്‍ത്തുകയാണ് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് ലക്ഷ്യമിടുന്നത്. വനിതകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ നല്കി സംരംഭകരാവാന്‍ അവസരവുമൊരുക്കുന്നുണ്ട് വനിതാ വികസന കോര്പ്പറേഷന്.
ദാ ഇവിടെയുണ്ട് ബേപ്പൂര്‍ സുല്‍ത്താന്‍…
ഏത് പ്രായത്തില്‍ ഉള്ളവരുടെയും പ്രിയ കഥാകാരനായ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവന് തുടിക്കുന്ന പ്രതിമയുണ്ട് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍. കോഴിക്കോട് കോര്‍പറേഷന്റെ സ്റ്റാളിനോട് ചേര്‍ന്നാണ് ‘ഹാപ്പി സിറ്റി’ എന്ന പേരിലൊരുക്കിയ സ്റ്റാളില്‍ ചാരുകസേരയില്‍ ഇരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ രൂപമുള്ളത്. ഈ കാഴ്ച അദ്ദേഹത്തിന്റെ എഴുത്തുകളിലേക്ക് കൂടെയാണ് സന്ദര്‍ശകരെ കൂട്ടിക്കൊണ്ട് പോവുന്നത്.
കോഴിക്കോട് കോര്പറേഷന് നടപ്പിലാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ഇവിടെയുണ്ട്. കോര്‍പറേഷനെ അടുത്തറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് സ്റ്റാള്‍.
വി ലിഫ്റ്റ് തൊഴില്‍ദാന പദ്ധതി വയോജനക്ഷേമം, ശിശുക്ഷേമം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, ഭവനരഹിതരില്ലാത്ത നഗരം, ലഹരിവിമുക്ത നഗരം, അഴക് പദ്ധതി, വഴിയോരക്കച്ചവട പുനരധിവാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റാളിലുണ്ട്.
നെയ്തെടുക്കുന്ന ജീവിതങ്ങള്‍ : മേളയിലെ കൈത്തറി സ്റ്റാളില്‍ എന്നും തിരക്ക്
കൈത്തറി നെയ്തു ജീവിക്കുന്ന ഒരുപാട് പേരെ കാണാം എന്റെ കേരളം പ്രദര്‍ശന – വിപണന മേളയില്‍. പലരുടെയും ഏക ജീവിതോപാധിയാണ് ഇത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മേളയിലാണ് കൈത്തറിയിലെ വിസ്മയലോകം തുറക്കുന്നത്.
ഷര്‍ട്ടിന്റെ തുണി, സിംഗിള്‍, ഡബിള്‍ ദോത്തികള്‍, കാവിമുണ്ടുകള്‍, ബെഡ്ഷീറ്റുകള്‍ തുടങ്ങി ഒട്ടനവധി കൈത്തറിയുത്പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. വസ്ത്രലോകത്ത് ഒരുപാട് മാറ്റങ്ങള്‍ വന്നെങ്കിലും കൈത്തറിയോടുള്ള ആളുകളുടെ പ്രിയം ഇന്നും കുറഞ്ഞിട്ടില്ല. മലയാളികളും വിദേശികളും കൈത്തറി വസ്ത്രങ്ങള്‍ ചോദിച്ചു വാങ്ങുന്നു. കളര്‍ ഇളകുമോ എന്നു ചോദിക്കുന്നവര്‍ക്ക് നൂറു ശതമാനം ഗ്യാരണ്ടിയും സ്റ്റാളുകളില്‍ നിന്ന് ലഭിക്കും.
ഏതു കൊടിയ വേനലിലും ധരിക്കാവുന്ന കൈത്തറി വസ്ത്രങ്ങള്‍ മിതമായ നിരക്കില്‍ മേളയില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍ക്ക് പുറമേ വീട്ടാവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങളും മേളയില്‍ ലഭ്യമാണ്.
സര്‍ക്കാര്‍ കേസുകള്‍ കാര്യക്ഷമമായി നടത്താന്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തണം
സര്‍ക്കാര്‍ കേസുകള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പു വരുത്തണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ മേഖല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രേഖകള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ വിധിപ്പകര്‍പ്പുള്‍പ്പെടെയുള്ള രേഖകളും കോടതിയില്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ കേസുകള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും സര്‍ക്കാര്‍ അഭിഭാഷകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ ഷാജി, ജില്ല ഗവണ്മെന്റ് പ്ലീഡര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ ഗവണ്മെന്റ് പ്ലീഡര്‍മാര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, അഡിഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍ ആന്‍ഡ് അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
അഭിമാനമാണ് കേരളം – സെമിനാര്‍ സംഘടിപ്പിച്ചു
കേരളത്തിന്റെ അതിജീവനത്തിന് കാരണം പൗരസമൂഹവും അവര്‍ക്കിടയിലെ സാഹോദര്യവുമാണെന്ന് സാംസ്കാരിക പ്രവര്‍ത്തകനും വാഗ്മിയുമായ ഡോ.കെ എം അനില്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ‘അഭിമാനമാണ് കേരളം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് മഹാമാരിയെയും പ്രളയത്തെയും അതിജീവിക്കാന്‍ കേരളത്തെ പ്രാപ്തമാക്കുന്നത് സാഹോദര്യമാണ്.
ഇതിന്റെ മാതൃകകള്‍ ഒരുപാട് നമ്മള് കണ്ടിട്ടുണ്ട്. 2018 ലെ പ്രളയത്തെയും കോവിഡ് മഹാമാരിയെയും കേരളം നേരിട്ടപ്പോള്‍ ഒന്നിച്ചാണ് അതിനെയെല്ലാം നമ്മള് അതിജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍, വിദ്യാഭ്യാസ മികവുകള്‍, ശിശു മരണ നിരക്കുകളിലെ കുറവ് തുടങ്ങിയവ മാത്രം പരിശോധിച്ചാല്‍ തന്നെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിന്റെ പുരോഗതി മനസ്സിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേളു ഏട്ടന് പഠന കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹക്കീം, യു ഹേമന്ദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലുണ്ട് കുട്ടികള്‍ക്കായി അമ്യൂസ്മെന്റ് പാര്‍ക്ക്
നാല് വയസ്സുകാരി അനാമികക്ക് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എന്നും വരണമെന്നാണ് ആഗ്രഹം. കാരണം മറ്റൊന്നുമല്ല അങ്കണവാടിയില്‍ ഉള്ളതിനേക്കാള്‍ കളിപ്പാട്ടങ്ങള്‍ ഉണ്ട് പ്രദര്‍ശന വേദിക്ക് അരികിലായി ഒരുക്കിയ മിനി അമ്യൂസ്മെന്റ് പാര്‍ക്കില്‍.
കുട്ടികളുമായി മേള കാണാന്‍ കോഴിക്കോട് ബീച്ചില്‍ എത്തുന്ന മാതാപിതാക്കള്‍ക്ക് ഇനി ടെന്‍ഷന്‍ അടിക്കണ്ട. കുട്ടികള്‍ക്ക് അടിച്ചുപൊളിക്കാന്‍ മിനി അമ്യൂസ്മെന്റ് പാര്‍ക്ക് സഹായകരമാവും. പത്തോളം റേസിംഗ് ബൈക്കുകളും, റൈഡുകളും, കൗതുകകരമായ ഡോള്‍ഫിന്‍ രൂപത്തിലുള്ള മിനി സീസോകളും ഫുട്ബോള്‍ കോര്‍ട്ടും അടങ്ങുന്ന മിനി അമ്യൂസ്മെന്റ് പാര്‍ക്ക് കുട്ടികള്‍ക്ക് ഒരു വേറിട്ട അനുഭവമാകും എന്ന് കാര്യത്തില്‍ തര്‍ക്കമില്ല.
പ്രദര്‍ശന വിപണന മേളയില്‍ മാതാപിതാക്കളോടൊപ്പം എത്തിയ നിരവധി കൂട്ടികളാണ് ഇവിടെ സമയം ചിലവഴിക്കുന്നത്. ഈ മിനി അമ്യൂസ്മെന്റ് പാര്‍ക്കില്‍ പ്രവേശനം തികച്ചും സൗജന്യമാണ്. കുട്ടികളിലും മാതാപിതാക്കളിലും ഒരുപോലെ സന്തോഷം ഉളവാക്കുന്നതാണ് കോഴിക്കോട് കോര്പറേഷന് ഒരുക്കിയ അമ്യൂസ്മെന്റ് പാര്‍ക്ക്.
ഭക്ഷ്യ സംസ്കരണ മേഖലയിലെ വ്യവസായ വാണിജ്യ വകുപ്പ് പദ്ധതികള്‍- സെമിനാര്‍ സംഘടിപ്പിച്ചു
വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭക പദ്ധതികളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പന്തലായനി ബ്ലോക്ക് വ്യവസായ വകുപ്പ് ഓഫീസര്‍ ശിബി കെ പി ‘ഭക്ഷ്യസംസ്കരണ സംരംഭങ്ങള്‍ക്കുള്ള പദ്ധതികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് നേതൃത്വം നല്കി. ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ എന്ന സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായാണ് ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ ഉന്നമനത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. വിവിധ പദ്ധതികളിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങള്‍ക്ക് സാമ്പത്തിക, സാങ്കേതിക, വ്യവസായിക പിന്തുണ ലഭിക്കുന്നുണ്ട്.
പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതി (പി.എം.എഫ്.എം.ഇ ) പ്രകാരം സംരംഭങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളായ വായ്പ, സബ്സിഡി, ധനസഹായങ്ങള്‍, പരിശീലനം എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയായി. പദ്ധതികളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള മറുപടിയും നല്കി.
കേന്ദ്ര സംസ്ഥാന പദ്ധതികളായ പി.എം.ഇ.ജി.പി, നാനോ എം എം ജി എന്നീ പദ്ധതികളുടെയും വിവരണം നടന്നു.
വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഗിരീഷ് ഐ, ആനന്ദ് കുമാര്‍ എ.ഡി.എ. ഒ മിഥുന് ആനന്ദ് എന്നിവര്‍ പങ്കെടുത്തു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുന്നു.
കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാന്‍ ആയിരങ്ങളാണ് എല്ലാം ദിവസവും എത്തുന്നത്. വിവിധ വകുപ്പുകളുടെ തീം ഏരിയയും സ്റ്റാളുകളും കാണാനും ഫോട്ടോയെടുക്കാനും വലിയ ജനത്തിരക്കാണ്.
കാഴ്ച കാണാന്‍ എത്തുന്നവരില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാക്കാന്‍ വകുപ്പുകള്‍ക്കും സാധിക്കുന്നു. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും ജനകീയ പ്രവര്‍ത്തനങ്ങളുടെയും നേര്‍ച്ചിത്രമാണ് മേള. ദിവസേനയുള്ള കലാസാംസ്കാരിക പരിപാടികളിലെ പൊതുജന പങ്കാളിത്തം മേളയ്ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. വിദഗ്ധര്‍ പങ്കെടുക്കുന്ന വകുപ്പ് തല സെമിനാറുകളും ശ്രദ്ധേയമാണ്. മെയ് 18 ന് മേള സമാപിക്കും.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 18 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
കോഴിക്കോട് ജില്ലയിലെ 34 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും
സംസ്ഥാനത്തെ 5409 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 18 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
ജില്ലയിലെ 34 ആരോഗ്യ ഉപകേന്ദ്രങ്ങളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. കിനാലൂര്‍, കുറ്റിപ്പുറം, ചിയ്യൂര്, നീലേശ്വരം, തോട്ടത്തിന് കടവ്, പൊന്നങ്കയം, പാലങ്ങോട്, പുന്നശ്ശേരി, മുയിപ്പോത്ത്, കീഴ്പയ്യൂര്‍, കല്പത്തൂര്, മക്കട, പുത്തഞ്ചേരി, പൂനത്ത്. മൂലാട്, കുരിക്കത്തൂര്‍, പൈങ്ങോട്ടുപുറം, ഇരിങ്ങത്ത്, പാലച്ചുവട്, കല്ലാനോട്, തൃക്കുറ്റിശ്ശേരി, നിര്‍മല്ലൂര്‍, മൊടക്കല്ലൂര്‍, കാരയാട്, അവിലോറ, എരപുരം, നല്ലളം, പണിക്കോട്ടി, കോരോത് റോഡ്, കോക്കല്ലൂര്‍, കുമ്മംകോട്, കുറുവങ്ങാട്, വെള്ളിമാടുകുന്ന്, വിലാതപുരം എന്നിവയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന ജില്ലയിലെ ആരോഗ്യ ഉപകേന്ദ്രങ്ങള്‍.
ഹോസ്റ്റല്‍ പ്രവേശനം
പട്ടിക ജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ (ആണ്/പെണ്) ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ/ പിന്നാക്ക/മാറ്റ് അര്‍ഹ വിഭാഗക്കാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച കോഴ്സിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റലുണ്ടെങ്കില്‍ അവിടെ സീറ്റില്ലെന്ന് ബന്ധപ്പെട്ടവരുടെ സക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി : മെയ് 31ന് വൈകുന്നേരം 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495- 2370379,2370657.
ഓംബുഡ്സ്മാന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന് വി.പി സുകുമാരന്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ എ ഗീതക്ക് സമര്‍പ്പിച്ചു. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ലഭിച്ച 146 പരാതികളില്‍ 135 പരാതികളും മുന്‍ കാലയളവിലെ എട്ടു പരാതികളും തീര്‍പ്പാക്കി. തൊഴിലിടങ്ങള്‍ ഉണ്ടാവുന്ന അപകടങ്ങള്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാത്തത്, ക്യത്യമായി തൊഴില്‍ നല്‍കാത്തത്, ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളാണ് മുഖ്യമായും പരാതികളില്‍ ഉന്നയിച്ചത്. എം.ജി.എന്‍. ആര്.ഇ.ജി.എസ്സില്‍ നേരിടുന്ന ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവിശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൂടി ഓംബുഡ്സ്മാന് നല്കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കി പരമാവധി ജനവിഭാഗത്തിന് ആനുകൂല്യം എത്തിക്കാനായി ജനപ്രതിനിധികളുമായും ജീവനക്കാരുമായും കൂടിയാലോചനകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ നിയമനം
ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ മള്‍ട്ടിപര്‍പസ് വര്‍ക്കര്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 450 രൂപ പ്രതിദിന വേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷ കാലയളവിലേക്ക് താല്‍ക്കാലികമായാണ് നിയമനം. യോഗ്യത : പ്ലസ് ടു , ഡി .സി.എ /എം.എസ് ഓഫീസ്. കമ്പ്യൂട്ടര്‍ ഡാറ്റ എന്‍ട്രിയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 23 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സുപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ലൈഫ് മിഷന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍മാരെ അന്യത്രസേവന (ഡെപ്യൂട്ടേഷന്) വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണ വകുപ്പില്‍ ഗസറ്റഡ് തസ്തികയില്‍ ജോലി നോക്കുന്ന, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം താല്പര്യവും കഴിവുമുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപ സാക്ഷ്യപത്രം (എന്‍.ഒ.സി) സഹിതം മെയ് 31 ന് വൈകീട്ട് മൂന്ന് മണിക്കകം ലൈഫ് മിഷന് സംസ്ഥാന ഓഫീസില്‍ ലഭിക്കണം. നിരാക്ഷേപ സാക്ഷ്യപത്രം കൂടാതെയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2449939