കൊയിലാണ്ടി ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞ് കാണാതായ ഷിഹാബിന്റെ മൃതദേഹം കണ്ടെത്തി


 

കൊയിലാണ്ടി: ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞ് അപകടമുണ്ടായി രണ്ടു ദിവസങ്ങൾ പിന്നിടുമ്പോൾ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.  രാവിലെ തിരച്ചിലിനായി പോയ കോസ്റ്റൽ ഗാർഡിന്റെ ഉദ്ധ്യോഗസ്ഥനാണ്‌ മൃതദേഹം കണ്ടത്. പാലകുളം കടപ്പുറത്തു നിന്ന് ഏകദേശം അഞ്ചു കിലോമീറ്ററോളം മാറി മായൻകടപ്പുറത്ത് കൊയിലാണ്ടി ഹാർബറിന്റെ കെട്ടിന്റെ കല്ലുകൾക്കിടയിൽ കേറി കിടക്കുന്ന രൂപത്തിലാണ് മൃതദേഹം കണ്ടത്. നന്തി കടലൂർ മുത്തായത്ത് കോളനിയിൽ ഷിഹാബാണ് മരിച്ചത്. ഇരുപത്തിയേഴു വയസ്സായിരുന്നു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചതിനു ശേഷം പോസ്റ്റ് മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.വിവരം ലഭിച്ച ഉടനെ തന്നെ  കൊയിലാണ്ടി പോലീസും അഗ്നി ശമന സേനയും സംഭവ സ്ഥലത്തെത്തി.

ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഷിഹാബും മറ്റ് രണ്ട് പേരും മത്സ്യബന്ധനത്തിനായി കടലില്‍ പോയ തോണി അതിശക്തമായ തിരയില്‍ പെട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കടലൂര്‍ സ്വദേശികളായ സമദും ഷിമിത്തും നീന്തി രക്ഷപെട്ടു.

മീന്‍ പിടിക്കുന്നതിനിടയില്‍ പെട്ടെന്ന് കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകുകയായിരുന്നു. കൂറ്റന്‍ തിരയില്‍പ്പെട്ട് ഇവരുടെ തോണി മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് സംഭവ സ്ഥലത്തു നിന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നത്.

ഉടനെ തന്നെ നാട്ടുകാരുടെയും മത്സ്യ തൊഴിലാളികളുടെയും സഹായത്തോടെ പോലിസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചിരുന്നു. വൈകാതെ കോസ്റ്റല്‍ ഗാര്‍ഡും ബോട്ടില്‍ തിരച്ചിലിനായി എത്തി. അന്വേഷണം ഊർജിതമാക്കാൻ ചൊവ്വാഴ്ച്ച വൈകിട്ടോടെ നേവിയുടെ ഹെലികോപ്റ്റര്‍ പാലക്കുളം കടപ്പുറത്തെത്തി. സെര്‍ച്ച് ലൈറ്റ് തെളിച്ചുകൊണ്ട് കടലിന് മുകളില്‍ പറന്നാണ് നേവിയുടെ ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തിയത്.

ഇടയ്ക്കിടെയുള്ള മഴയും കനത്ത തിരമാലകളും തിരച്ചിലിനെ ബാധിച്ചെങ്കിലും അതിനെയെല്ലാം അവഗണിച്ചാണ് തിരച്ചിൽ നടത്തിയത്.

രഹ്നാസ് ആണ് ഷിഹാബിന്റെ ഭാര്യ. രണ്ടു വയസ്സുള്ള മുഹമ്മദ് അമീൻ ഏക മകനാണ്. മുത്തായത്ത് കോളനിയിൽ ഇബ്രാഹിം, ഫാത്തിമ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. റഹീം ഏക സഹോദരനും സെറീന, റഷീദ, റഹീന, റഫീന, റജുല എന്നിവർ സഹോദരിമാരുമാണ്.