ഉംറയ്ക്കായി ഖത്തറില്‍ നിന്ന് സൗദിയിലെത്തിയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് മരണം
റിയാദ്: ഉംറയ്ക്കായി ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലെത്തിയ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലാണ് അപകടമുണ്ടായത്. പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (ഏഴ്), അഹിയാന്‍ (നാല്) ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്.
ഖത്തറിലെ ദോഹയിലുള്ള ഹമദ് മെഡിക്കല്‍ സിറ്റിയില്‍ ജീവനക്കാരനാണ് ഫൈസല്‍. കുടുംബസമേതമാണ് ഫൈസല്‍ ഉംറയ്ക്കായി സൗദി അറേബ്യയില്‍ എത്തിയത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്.
മക്കയിലേക്കുള്ള യാത്രയ്ക്കിടെ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റര്‍ ബാക്കി നില്‍ക്കെ അതീഫ് എന്ന സ്ഥലത്ത് വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടമുണ്ടായത്.അപകടത്തില്‍ ഫൈസലിനും ഭാര്യാപിതാവ് അബ്ദുള്‍ ഖാദറിനും നിസാര പരിക്കേറ്റു.
ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ത്വാഇഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും അതേ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.