ഇന്ധനവില വീണ്ടും കൂടും, ഏപ്രിൽ ഒന്നുമുതൽ ഇന്ധന സെസ് പ്രാബല്യത്തിൽ; വടകരക്കാർ ഇനി പെട്രോളിനും ഡീസലിനും മാഹിയിലേക്ക്, വ്യത്യാസം 14 രൂപയാകും


മാഹി: ഇന്ധന സെസ് പ്രാബല്യത്തില്‍ വരുന്നതോടെ മാഹി പെട്രോളിന്റെയും ഡീസലിന്റെയും പകിട്ടിനിയും കൂടും. കേരളവും മാഹിയുമായി ഇന്ധന വിലയില്‍ ഇപ്പോള്‍ തന്നെ പന്ത്രണ്ട് രൂപയുടെ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ രണ്ട് രൂപകൂടി ഉയരുന്ന സാഹചര്യത്തില്‍ വ്യത്യാസം വീണ്ടും വര്‍ധിക്കും.

ഏപ്രിൽ ഒന്നുമുതലാണ് കേരളത്തില്‍ രണ്ടു രൂപ ഇന്ധന സെസ് പ്രാബല്യത്തിൽ വരുന്നത്. ഇതോടെ മാഹിയിലെയും കേരളത്തിലെയും പെട്രോൾ, ഡീസൽ വിലവ്യത്യാസം 14 രൂപ കടക്കും. വരാനിരിക്കുന്ന വിലവര്‍ധനവ് അയല്‍പ്രദേശങ്ങളായ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് മാഹിയെ കൂടുതല്‍ പ്രിയങ്കരമാക്കി മാറ്റും.

2022 മേയിൽ കേന്ദ്രസർക്കാർ ഇന്ധനവിലയിലെ എക്സൈസ് തീരുവ കുറച്ചശേഷം എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിട്ടില്ല. എന്നാൽ കേരളത്തിലെ വില്‍പനനികുതിയിൽ കുറവുണ്ടായില്ല. കേന്ദ്രഭരണപ്രദേശമായ മാഹിയിൽ പുതുച്ചേരിസർക്കാർ നികുതി കുറച്ചിരുന്നു. ഇതോടെ മാഹിയിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ കൂടുകയായിരുന്നു.

‌‍മാഹിയിൽ നിലവിലെ പെട്രോൾവില 93.80 രൂപയും ഡീസലിന് 83.72 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് ലിറ്ററിന് 105.85 രൂപയും ഡീസലിന് 94.80 രൂപയുമാണ്. അധികസെസ് ചുമത്തുന്നതോടെ കോഴിക്കോട്ടെ പെട്രോൾ വില 108 രൂപയോളം കൂടും.