ഇനി നിർണ്ണായക നിമിഷങ്ങൾ; നാല്പത് മണിക്കൂറുകൾ പിന്നിടുമ്പോൾ മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിന് സമീപത്തെത്തി കരസേന; സാക്ഷ്യം വഹിക്കുന്നത് അതിസാഹസികമായ രക്ഷാപ്രവർത്തനത്തിന്
പാലക്കാട്: നീണ്ട ശ്രമങ്ങൾക്കൊടുവിൽ ബാബുവനരികിലേക്കെത്താറായി കരസേനാ സംഘം. മലമ്ബുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനത്തിയ കരസേനാസംഘം ആണ് നാല്പത് മണിക്കൂർ പിന്നിടുമ്പോൾ യുവാവിന്റെ അടുത്തെത്തിയിരിക്കുന്നത്.
ഇന്നലെ രാത്രി മലകയറിയ പ്രത്യേക ദൗത്യസംഘമാണ് പുലര്‍ച്ചയോടെ ബാബുവിനരികിലെത്തിയിരിക്കുന്നത്. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരിക്കുന്നത്. മലയുടെ ഏറ്റവും മുകളിലാണിപ്പോള്‍ സൈന്യമുള്ളത്. യുവാവിന് വെള്ളമെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
43 മണിക്കൂറിലധികമായി യുവാവിന് ഭക്ഷണവും വെള്ളവും ലഭിച്ചിട്ടില്ല. ബാബുവിന് വെള്ളമെത്തിക്കാനായി തീവ്രപരിശ്രമമാണ് നടന്നുവരുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് ബാബുവിനെ നിരീക്ഷിക്കുന്നുണ്ട്. രാവിലെ മലയിടുക്കില്‍ ഇരിക്കുന്ന യുവാവിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.
രക്ഷാപ്രവർത്തനങ്ങളും അതിസാഹസികമായി തന്നെ തുടരുകയാണ്. ഊട്ടിയില്‍നിന്ന് ഇന്നലെ എത്തിയത് പര്‍വതാരോഹകര്‍ ഉള്‍പെടുന്ന 11 അംഗ കരസേനാസംഘമാണ് രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മലയാളിയായ ലെഫ്. കേണല്‍ ഹേമന്ത് രാജിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
രാത്രിയിൽ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വെളിച്ചം ഇല്ലാതിരുന്നതിനാൽ പ്രവർത്തകർ ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ വെളിച്ചം വീണിട്ടുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ അല്പം കൂടി കാര്യക്ഷമമായി നടക്കുകയാണ്.
വന്യമൃഗങ്ങള്‍ ഉള്ള പ്രദേശമാണിതെന്നു മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. രക്ഷാദൗത്യ വഴിയിൽ മൂന്ന് കരടികളെ കണ്ടുവെന്ന് സൈനികര്‍ അറിയിച്ചു.
ഫോറസ്റ്റ് ഗാർഡുകൾ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോള്‍ പുറപ്പെട്ടിട്ടുണ്ട്. ദൗത്യസംഘത്തിലെ നാലുപേര്‍ താഴെ നിലയുറപ്പിച്ചു. മറ്റുള്ളവരാണ് ബാബുവിനടുത്തേക്ക് എത്തുന്നത്.
ഡോക്ടര്‍മാര്‍ സജ്ജരാകാൻ കരസേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആംബുലന്‍സും ബേസ് ക്യാമ്ബുമൊക്കെ തയ്യാറായിരിക്കുകയാണ്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
മൂന്നു സുഹൃത്തുക്കളോടൊപ്പമാണ് ബാബു മല കയറിയത്. ഇതിനിടെ യുവാവ് കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് സുഹൃത്തുക്കള്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.
യുവാവിനെ രക്ഷപ്പെടുത്താന്‍ കോസ്റ്റ്ഗാര്‍ഡിന്‍റെ ഹെലികോപ്ടര്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാ പ്രവര്‍ത്തകര്‍ ആദ്യം നടത്തിയത്. ചെങ്കുത്തായ പാറകളാല്‍ നിബിഡമായ പ്രദേശത്ത് ഹെലികോപ്ടര്‍ ലാന്‍റ് ചെയ്യുകയെന്നത് ഒരിക്കലും സാധ്യമല്ല. ബാബുവിനെ രക്ഷിക്കാനാവാതെ കോസ്റ്റ്ഗാര്‍ഡിന്‍റെ ഹെലികോപ്ടര്‍ മടങ്ങി പോയത് വലിയൊരു തിരിച്ചടിയായി.