ആശങ്കപ്പെടാനില്ല, മൂരാട് പാലത്തിന്റെ തൂണുകളുടെ ചെരിവ് പരിഹരിക്കപ്പെടും
വടകര: ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി മൂരാട് നിര്‍മ്മിച്ച പുതിയ പാലത്തിന് സംഭവിച്ച തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ അശുതോഷ് സിന്‍ഹ. പാലത്തിന് സംഭവിച്ച തകരാര്‍ സാങ്കേതികമായി പരിഹരിക്കാന്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും സിന്‍ഹ അറിയിച്ചു.
പുഴയിലെ രണ്ട് വശത്തും മണ്ണ് നീക്കാത്തത് കാരണം നടുഭാഗത്ത് വലിയ അടിയൊഴുക്ക് ഉണ്ടായത് മൂലമാണ് പൈലങ്ങിന് കേടുപാടുകള്‍ സംഭവിച്ചത്. തൂണിന് ചെരിവുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കെ.കെ രമ എംഎല്‍എയാണ് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരെ
കാര്യങ്ങള്‍ ബോധിപ്പിച്ചത്.
ചെരിവുണ്ടെന്ന സംശയം പ്രകടിപ്പിച്ചതിന് ശേഷം നാട്ടുകാര്‍ക്ക് അങ്ങോട്ട് പ്രവേശനമുണ്ടായിരുന്നില്ല. പാലത്തിന്റെ നിര്‍മ്മാണ തൊഴിലാളികള്‍ റോപ് വേ വഴി ചെന്ന് ചെരിഞ്ഞ തൂണുകള്‍ ഷീറ്റുകൊണ്ട് മറക്കുകയും കട്ടിയുള്ള ഇരുമ്പു കമ്പിയിട്ടു വെല്‍ഡ് ചെയ്തു കുടുക്കിയിടുകയുമായിരുന്നു. ഇതാണ് തൂണുകള്‍ ചെരിഞ്ഞെന്ന സംശയം ബലപ്പെടാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഏഴ് മാസം മുമ്പേ പൂര്‍ത്തിയാകേണ്ട പൈലിങ് ജോലികള്‍ ഒരു ആഴ്ച മുമ്പാണ് പൂര്‍ത്തിയായത്.